വൈകിയാണെങ്കിലും പുതുക്കിയ അവശ്യ മരുന്നുകളുടെ പട്ടിക ഒടുവിൽ പുറത്തുവന്നിരിക്കുകയാണ്. കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന നിരവധി മരുന്നുകളും ആന്റിബയോട്ടിക്കുകളും വാക്സിനുകളും കേന്ദ്ര സർക്കാർ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ അവയുടെ വില കുറയാൻ വഴിയൊരുങ്ങിയിരിക്കുന്നു. സാധാരണക്കാർക്കു വലിയ ആശ്വാസമാകും ഇതു നൽകുക. പുതുതായി 34 മരുന്നുകൾ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അവശ്യമരുന്നുകളുടെ പട്ടികയിൽ 384 മരുന്നുകളായി. 27 കാറ്റഗറിയിൽ പെട്ടതാണ് ഈ മരുന്നുകൾ.
കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന നാലു പ്രധാന മരുന്നുകളാണ് വില നിയന്ത്രിക്കപ്പെടുന്നവയുടെ പട്ടികയിലുള്ളത്. ഇൻസുലിൻ ഗ്ലാർജിൻ തുടങ്ങി പ്രമേഹത്തിനുള്ള മരുന്നുകൾ, ഡെലാമനിഡ് പോലെ ക്ഷയരോഗത്തിനുള്ള മരുന്നുകൾ എന്നിവയും അവശ്യ മരുന്നു പട്ടികയിലുണ്ട്. റാനിറ്റിഡിൻ, സുക്രാൽഫേറ്റ്, വൈറ്റ് പെട്രോലാക്റ്റം, അറ്റെനലോൾ തുടങ്ങി 26 മരുന്നുകളെ പഴയ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം മൂന്നുവർഷത്തിലൊരിക്കൽ പുതുക്കി പുറത്തിറക്കാറുള്ളതാണ് അവശ്യമരുന്നുകളുടെ ലിസ്റ്റ്. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ 2015നു ശേഷം ഇതുവരെ ലിസ്റ്റ് പുതുക്കിയിരുന്നില്ല. ഐസിഎംആർ ഡയറക്റ്റർ ജനറൽ ബൽറാം ഭാർഗവ അധ്യക്ഷനായ അവശ്യ മരുന്നുകളുടെ വില നിർണയ സമിതി കഴിഞ്ഞവർഷം അവസാനത്തോടെ കരട് ലിസ്റ്റ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. അതിന്മേലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ദേശീയ മരുന്നുവില നിർണയ അഥോറിറ്റി നിശ്ചയിക്കുന്ന വിലയിൽ കുറഞ്ഞ നിരക്കിൽ മാത്രമേ ലിസ്റ്റിലുള്ള മരുന്നുകൾ വിൽക്കാൻ കഴിയൂ. കമ്പനികൾ ലാഭം നോക്കി വില കൂട്ടുന്നതു മൂലമുള്ള പ്രതിസന്ധിയിൽ നിന്ന് സാധാരണ രോഗികളെ രക്ഷിക്കാൻ ഇതുമൂലം കഴിയുന്നു.