കൊച്ചി: കൊച്ചിയിൽ ഇന്ന് രാവിലെ പെയ്ത കനത്ത മഴിയിൽ താറുമായ കേരളത്തിലെ റെയിൽവേഗതാഗതം ഇതുവരെ പൂർണ്ണമായും പുനസ്ഥാപിച്ചിട്ടില്ല. ഉച്ചയ്ക്ക് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ്സ് രാത്രി 8.30 നും കൊച്ചിയിൽ കിടക്കുകയാണ്. ആലുവയിൽ എത്തിയപ്പോഴാണ് വണ്ടി ആദ്യം പിടിച്ചിട്ടത്. ഷെഡ്യൂൾ പ്രകാരം രാത്രി 8.20-ന് വർക്കലയിൽ എത്തേണ്ട ജനശതാബ്ദി നിലവിൽ ഇടപ്പള്ളിയിൽ മൂന്ന് മണിക്കൂർ വൈകി നിൽക്കുകയാണ്.
എറണാകുളം വഴി കടന്നു പോകേണ്ട മറ്റു പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയോടുകയാണ്. എറണാകുളം ഡി ക്യാബിൻ അടക്കമുള്ള സ്ഥലങ്ങളിൽ ട്രാക്കിൽ നിന്നും വെള്ളമൊഴിഞ്ഞെങ്കിലും ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്. ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധന മാനുവൽ രീതിയിൽ നടത്തേണ്ടത് സമയക്രമത്തെ ബാധിക്കുന്നുവെന്നും റെയിൽവേ അറിയിക്കുന്നു.നിലവിൽ തിരുവനന്തപുരം – നിസ്സാമുദ്ദീൻ രണ്ട് മണിക്കൂറും, മംഗളൂരു – നാഗർകോവിൽ ഏറനാട് എക്സ്പ്രസ്സ് മൂന്ന് മണിക്കൂറും, ജാം നഗർ ഹംസഫർ എക്സ്പ്രസ്സ് രണ്ട് മണിക്കൂറും വൈകിയോടുകയാണ്.ഇന്ന് രാത്രിയിൽ മഴ പൂർണ്ണമായി മാറിയില്ലെങ്കിൽ നാളെയും ട്രെയിനുകൾ വൈകിയോടുന്നത് തുടരാനാണ് സാധ്യത.