KeralaNews

ബിഹാറിൽ മന്ത്രിസഭയുണ്ടാക്കാൻ നിതീഷ് കുമാറിന് കോൺ​ഗ്രസ് പിന്തുണ

പറ്റ്ന: എൻഡിഎ സഖ്യം വിട്ടു പുറത്തുവന്ന നിതീഷ് കുമാറിന് ബിഹാറിൽ മന്ത്രിസഭയുണ്ടാക്കാൻ കോൺ​ഗ്രസ് പിന്തുണ. ഇതു സംബന്ധിച്ച കത്ത് ബിഹാർ കോൺ​ഗ്രസ് നേതൃത്വം നിതീഷ് കുമാറിനു കൈമാറി. എൻഡിഎയിലെ വലിയ രണ്ടാമത്തെ വലിയ കക്ഷിയാണ് നിതീഷിന്റെ ജെഡിയു.
ഗവർണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. നിതീഷിന് ആർജെഡിയും പിന്തുണ അറിയിച്ച് കത്ത് കൈമാറി. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാൻ നിതീഷിന് നിഷ്പ്രയാസം കഴിയും.നിതീഷ് സർക്കാരിലെ തങ്ങളുടെ എംഎൽഎമാരോട് തുടർനിർദേശത്തിനായി കാത്തിരിക്കാൻ ബിജെപി നിർദേശിച്ചിട്ടുണ്ട്.
ജെഡിയു – ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സർക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. ബീഹാർ രാഷ്ട്രീയത്തിൽ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വരാസ്യങ്ങൾ കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്.
ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച നിതീഷ് കുമാർ വൈകാതെ ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്താൻ സമയം തേടിയിട്ടുണ്ട്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ബിജെപി 77 സീറ്റുകൾ നേടിയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു, മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് 80 ഉം കോൺഗ്രസിന് 19ഉം എംഎൽഎമാരാണുള്ളത്.
ഇന്നലെ നടന്ന നീതി ആയോഗ് യോഗത്തിലടക്കം നിതീഷ് കുമാർ പങ്കെടുക്കാതിരുന്നതും പുറത്തേക്കെന്ന സൂചനകൾ ശക്തമാക്കിയിരുന്നു. മുതിർന്ന ജെഡിയു നേതാവും മുൻ കേന്ദ്രമന്ത്രിയുമായി ആർസിപി സിംഗ് ബിജെപിയോടടുത്തതും നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചു. സർക്കാറിനെ നിരന്തരം വിമർശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും, രണ്ട് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിൻറെ ആവശ്യം ബിജെപി നേരത്തെ തള്ളിയിരുന്നു.
ബിഹാർ നിയമസഭയിൽ ആകെ 243 എംഎൽഎമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 എംഎൽഎമാരുടെ പിന്തുണ വേണം. കോൺ​ഗ്രസും ആർജെഡിയും പിന്തുണ നൽകിയതിലൂടെ നിതീഷിന് 144 അം​ഗങ്ങളുടെ പിന്തുണ ലഭിക്കും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *