തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ പേരിൽ വാട്സ് ആപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് തട്ടിപ്പിന് ശ്രമമെന്ന് പരാതി. മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് രണ്ട് വ്യാജ വാട്സ്ആപ് അക്കൗണ്ട് വഴിയാണ് സന്ദേശമയച്ചത്. ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള സന്ദേശങ്ങളുടെ പകർപ്പുകളടക്കം ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രി ബിന്ദു ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം : എന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വളരെ ഗൗരവത്തോടെ കാണുന്നു. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് വാട്സാപ്പ് നമ്പറുകളിൽ നിന്നാണ് സന്ദേശം പോയിരിക്കുന്നത്. എന്റെ ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള ഈ സന്ദേശങ്ങളുടെ പകർപ്പുകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.