തിരുവനന്തപുരം: നിയമസഭാ സമ്മേളന നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു കർശന നിയന്ത്രണം. സഭയിൽ നിന്നു നേരിട്ടുള്ള സംപ്രേക്ഷണത്തിന് അനുമതി നിഷേധിച്ചു. പകരം പിആർഡി നൽകുന്ന ക്ലിപ്പിംഗുകൾ മാത്രമാണ് ദൃശ്യമാധ്യമങ്ങൾക്കു ലഭിക്കുന്നത്. ഭരണപക്ഷ ദൃശ്യങ്ങൾ മാത്രമാണ് പിആർഡി നൽകുന്നതെന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. നിയമസഭയിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതുമൂലം സഭാ നടപടികൾ ജനങ്ങളിലെത്തിക്കുന്നതിനു പ്രയാസം നേരിടുന്നുണ്ട്.
മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിൻറെയും ഓഫീസുകളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സഭാ പരിസരത്ത് ഇവരുടെ ബൈറ്റ് സ്വീകരിക്കുന്നതും വിലക്കി. മീഡിയ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം. പ്രതിപക്ഷം വലിയ രീതിയിൽ പ്രതിഷേധങ്ങൾ സഭയിൽ നടത്തുമ്പോൾ അതിൻറെ ദൃശ്യങ്ങൾ പിആർഡി നൽകുന്നുമില്ല.
ചരിത്രത്തിൽ ആദ്യമാണ് സഭാ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു മാധ്യമങ്ങളെ വിലക്കിയത്.
2015 മാർച്ച് 14ന് അന്നത്തെ യുഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണം സിപിഎം അംഗങ്ങൾ തടസപ്പെടുത്തിയതും സ്പീക്കറുടെ പോഡിയത്തിൽ കയറി ഇപ്പോഴത്തെ മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ളവർ നടത്തിയ പേക്കൂത്തുകളും ജനങ്ങൾ ലൈവ് ആയി കാണുകയായിരുന്നു. അന്നത്തെ കറുത്ത നിമിഷങ്ങൾ പോലും സംപ്രേക്ഷണം ചെയ്യുന്നത് ഉമ്മൻ ചാണ്ടി സർക്കാർ വിലക്കിയില്ല. എന്നാൽ സ്വർണ കള്ളക്കടത്തും ഡോളർ കടത്തുമടക്കം വലിയ തോതിലുള്ള വിധ്വംസക പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമുള്ള പങ്ക് സ്വപ്ന സുരേഷ് അടക്കമുള്ളവർ ആവർത്തിച്ച് ഉന്നയിച്ചിട്ടും മാധ്യമങ്ങളെ വിലക്കി നിർത്തിയിരിക്കയാണ് മുഖ്യമന്ത്രി.
ആരോപണങ്ങൾക്കു പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി, മാധ്യമങ്ങളെ വടം കെട്ടി പുറത്തു മാറ്റി നിർത്തിയ ശേഷമാണ് ഒരക്ഷരം മിണ്ടാതെ പുറത്തു കടന്നത്.