തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായി ശ്രമിക്കുന്നത്. അക്രമത്തിന് പോലീസിന്റെ മൗനാനുവാദവുമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ് ബഫര്‍ സോണില്‍ യാഥാര്‍ത്ഥത്തില്‍ കുറ്റവാളികളായി നില്‍ക്കുന്നത്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു