KeralaNews

ആരോഗ്യമന്ത്രിക്ക് വകുപ്പില്‍ യാതൊരു നിയന്ത്രണവുമില്ല; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പാര്‍ട്ടിയല്ല പൊലീസ് അന്വേഷിക്കണം- പ്രതിപക്ഷ നേതാവ് വിഡി. സതീശൻ

കോഴിക്കോട് : ആരോഗ്യ വകുപ്പില്‍ മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചില ആളുകള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. മൂന്ന് മണിക്കൂര്‍ കൊണ്ട് ആലുവയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച അവയവം എടുത്ത് വയ്ക്കാന്‍ പോലും ആളുണ്ടായിരുന്നില്ല. പെട്ടി എടുത്ത് കൊണ്ട് ഓടാന്‍ ഡി.വൈ.എഫ്.ഐക്കാരനെ ആരാണ് ചുമതലപ്പെടുത്തിയത്? സോഷ്യല്‍ മീഡിയയില്‍ പടം വരാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍ ഈ അവയവം ഏറ്റുവാങ്ങി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോകേണ്ടതായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. മണിക്കൂറുകള്‍ കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയത്. മനുഷ്യ ജീവന് ഒരു വിലയും നല്‍കാത്ത തരത്തില്‍ ആരോഗ്യ വകുപ്പ് തകര്‍ന്നിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ ചീഫ് സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സ്വന്തം വീട്ടിലെ കാര്യം സംസാരിക്കുന്നത് പോലെയാണ് സി.പി.എം കൈകാര്യം ചെയ്യുന്നത്. പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്തെ പണമാണ് സി.പി.എമ്മുകാര്‍ തട്ടിയെടുത്തത്. പരാതി നല്‍കിയ ആളെയാണ് സി.പി.എം ശിക്ഷിച്ചത്. കുറ്റം ചെയ്തയാള്‍ ഇപ്പോഴും ജനപ്രതിനിധിയായി നടക്കുകയാണ്. തട്ടിപ്പ് പാര്‍ട്ടി അന്വേഷിച്ചാല്‍ പോര. പൊലീസ് അന്വേഷിക്കണമെന്നും വീ.ഡി. സതീശൻ ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ രക്തസാക്ഷി ഫണ്ട് പിരിവുകളൊക്കെ ഇങ്ങനെയാണോ എന്നും അദ്ദേഹം ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോട് കൂടിയാണ് പഴയകാല മാധ്യമ പ്രവര്‍ത്തകനെ ഉപകരണമാക്കി രണ്ട് എ.ഡി.ജി.പിമാര്‍ ഇടനിലക്കാരായത്. മുഖ്യമന്ത്രിക്ക് എതിരായ മൊഴി പിന്‍വലിപ്പിക്കാനും പണം കൊടുത്ത് സ്വാധീനിക്കാനുമായിരുന്നു ശ്രമം. അതിനൊന്നും വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പിന്‍മാറ്റിക്കാന്‍ ശ്രമിച്ചു. മൊഴിക്കെതിരെ നിയമപരമായ മാര്‍ഗങ്ങളൊന്നും തേടാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. കേരളത്തില്‍ കലാപാഹ്വാനം നല്‍കി ഈ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാനാണ് സി.പി.എം ശ്രമിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിന് മുന്‍പ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. സ്വപ്ന ഇപ്പോള്‍ ബി.ജെ.പിയുടെ ഉപകരണമാണെന്നാണ് സി.പി.എം പറയുന്നത്. നേരത്തെ ഇവരെ കൊണ്ടു നടന്നത് ആരായിരുന്നു ? ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും ലക്ഷക്കണക്കിന് രൂപ ശമ്പളം കിട്ടുന്ന ജോലിയില്‍ നിയമിച്ചത് ഐ.റ്റി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരിന്റെ വിശ്വസ്തനായി ഒപ്പമുണ്ട്. മറ്റൊരു പ്രതിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത് പ്രതിപക്ഷ നേതാവ് ചോദിച്ചു. വെളിപ്പെടുത്തല്‍ നടത്താതിരിക്കാനാണ് ശിവശങ്കറിനെ സെറ്റില്‍ ചെയ്തത്. സ്വപ്‌നയുടെ മൊഴി സംബന്ധിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെ അപമാനിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഡല്‍ഹിയില്‍ നാളെ നടക്കുന്ന പ്രക്ഷോഭത്തില്‍ കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാരും അണിചേരും. എം.എല്‍.എമാരും എം.പിമാരും ഡല്‍ഹിയില്‍ പോകുന്നത് കൊണ്ടാണ് ചിന്തന്‍ ശിബിരം മാറ്റിവച്ചത്. പുനഃസംഘടന മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് പൂര്‍ത്തിയാക്കുമെന്നും പ്രതിപക്ഷനേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *