തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു. രാവിലെ 7.15ഓടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേയ്ക്ക് കപ്പല്‍ എത്തിയിരുന്നു.
ഉദ്യോഗസ്ഥരടങ്ങിയ ടഗ് ബോട്ടുകളാണ് മദർഷിപ്പിനെ സ്വീകരിച്ചത്. ഔട്ടര്‍ ഏരിയയിലേയ്ക്ക് പോയ ടഗ് ബോട്ടുകള്‍ക്ക് ഒപ്പമാണ് മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തേയ്ക്ക് എത്തിയത്. പിന്നീട് കപ്പലിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റന്‍ ഏറ്റെടുത്തു. ജൂലൈ 2ന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ കൊളംബോ വഴി 8 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് വിഴിഞ്ഞത്ത് എത്തിയിരിക്കുന്നത്. 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ഇതിനായി കൂറ്റന്‍ ക്രെയിനുകള്‍ തന്നെ സജ്ജമാക്കിയിട്ടുണ്ട്. 8 ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും 23 യാര്‍ഡ് ക്രെയിനുകളുമാണ് വിഴിഞ്ഞത്ത് ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 10ന് കേരളത്തിന് വേണ്ടി സാൻ ഫെർണാണ്ടോക്ക് ഔദ്യോഗിക സ്വീകരണം മുഖ്യമന്ത്രി നിർവഹിക്കും.