KeralaNews

56 ലക്ഷം ഉപയോക്താക്കളുടെ വൈദ്യുതിനിരക്ക്‌ ഇരട്ടിയാകും ; സ്വകാര്യ കമ്പനികൾക്ക് കേന്ദ്രത്തിന്റെ സ്‌മാർട്ട്‌ മീറ്റർ.

തിരുവനന്തപുരം:സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കാനുള്ള കേന്ദ്രപദ്ധതി സ്വകാര്യ ഏജൻസിവഴി നടപ്പാക്കിയാൽ ഉപയോക്താവിന്‌ 130 രൂപ പ്രതിമാസം അധികം നൽകേണ്ടിവരും. മാസം 50 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുകയും 100 രൂപയിൽ താഴെ നിരക്ക്‌ നൽകുകയും ചെയ്യുന്ന 26.2 ലക്ഷം കുടുംബങ്ങൾ സ്‌മാർട്ട്‌ മീറ്റർ തുകകൂടി നൽകേണ്ടിവരുമ്പോൾ വൈദ്യുതിനിരക്ക്‌ ഇരട്ടിയിലധികമാകും. 50നും 100നും ഇടയിൽ യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കുന്ന 30.17 ലക്ഷം ഉപയോക്താക്കളുണ്ട്‌. ഇവർക്കും നിരക്ക്‌ ഇരട്ടിയോളമെത്തും. ഇരുവിഭാഗത്തിലുമായി 56 ലക്ഷം കുടുംബങ്ങൾക്ക്‌ സ്വകാര്യമേഖലയിലെ സ്‌മാർട്ട്‌ മീറ്റർ ഇരുട്ടടിയാകും. എല്ലാ ഉപയോക്താക്കളും പ്രതിമാസം 130 രൂപ അധികമായി നൽകേണ്ടിവരുമ്പോൾ വർഷം ഒരാൾ 1500 രൂപയിൽ അധികം ഒടുക്കേണ്ടിവരും.

സ്‌മാർട്ട്‌ മീറ്റർ പദ്ധതിച്ചെലവ്‌ സ്വകാര്യകരാറുകാർ വഹിച്ച്‌  നിശ്ചിത കാലയളവിലേക്ക് പ്രതിമാസ വാടക ഈടാക്കി പരിപാലനമടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളും നിർവഹിക്കുന്ന ടോട്ടക്‌സ് (ടോട്ടൽ എക്‌സ്‌പെൻഡിച്ചർ) മാതൃകയിലാണ്‌ കേന്ദ്രം പദ്ധതി നടപ്പാക്കുന്നത്‌.  ഉപയോക്താക്കൾക്ക് പ്രീപെയ്ഡ് സൗകര്യമൊരുക്കുന്നതും ഇതിൽപ്പെടും. വൈദ്യുതി ബോർഡ് നിർവഹിക്കുന്ന റവന്യൂ പ്രവർത്തനങ്ങളാകെ പുറംകരാർ നൽകുന്നനിലയിലാണ് പദ്ധതി.

മീറ്റർ ഒന്നിന് 900 രൂപ കേന്ദ്രസർക്കാർ ധന സഹായമുണ്ടെങ്കിലും പ്രോജക്ട് ഇംപ്ലിമെന്റേഷൻ ഏജൻസി, പ്രോജക്ട് മാനേജ്മെന്റ് ഏജൻസി എന്നിവയുടെ ഫീസും നികുതിയുമായി 720 രൂപയും നൽകേണ്ടിവരുന്നത്‌ കുറച്ചാൽ മീറ്റർ ഒന്നിന് 180 രൂപയുടെ  സഹായമാണ് കേന്ദ്രത്തിൽനിന്ന് കിട്ടുക. മീറ്ററിന്‌  9000 രൂപയിലധികമാണ്‌ വില. നിസ്സാര കേന്ദ്രധനസഹായത്തിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വലിയ ലാഭമുണ്ടാകും. പദ്ധതി കെഎസ്ഇബി നേരിട്ട് നടപ്പാക്കാൻ തീരുമാനിച്ചാൽ മീറ്റർ ഹാർഡ്‌വെയർ ചെലവുമാത്രമേ കണ്ടെത്തേണ്ടതുള്ളൂ. പദ്ധതി നിർവഹണം ബോർഡ് ജീവനക്കാർക്കുതന്നെ ചെയ്യാനുമാകും. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *