World

28ാമത് ഐഎഫ്എഫ്കെയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ക്രിസ്റ്റോഫ് സനൂസിക്ക്. 

തിരുവനന്തപുരം : 28ാമത് ഐഎഫ്എഫ്കെയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് വിഖ്യാത പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക്. പത്തുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ജീവിതം, മരണം, വിശ്വാസം, ധാർമ്മികത, സ്വാതന്ത്ര്യം, അസ്തിത്വം, വാർധക്യം എന്നിവയെ സംബന്ധിച്ച ആകുലതകളും ഉത്കണ്ഠകളും പങ്കുവെക്കുന്നവയാണ് സനൂസിയുടെ ചിത്രങ്ങൾ. ഡിസംബർ 15ന് നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ പുരസ്‌കാരം  സമ്മാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

1939ൽ വാഴ്‌സയിൽ ജനിച്ച സനൂസി പോളണ്ടിലെ ലോഡ്‌സിലെ നാഷണൽ ഫിലിം സ്‌കൂളിൽ നിന്ന് ബിരുദം നേടി. 1966ൽ സംവിധാനം ചെയ്ത ‘ഡത്തെ് ഓഫ് എ പ്രോവിൻഷ്യൽ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് തുടക്കം. ആദ്യമായി സംവിധാനം ചെയ്ത ഫീച്ചർ ഫിലിം ‘ദ സ്ട്രക്ചർ ഓഫ് ക്രിസ്റ്റൽ’ പോളിഷ് സിനിമയിലെ മൂന്നാംതരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. 1998ൽ നടന്ന ഐഎഫ്എഫ്കെയിൽ സനൂസി പങ്കെടുത്തിരുന്നു. സനൂസിയുടെ ആറ് ചിത്രങ്ങളും ഇത്തവണ മേളയിൽ പ്രദർശിപ്പിക്കും. പെർഫക്റ്റ് നമ്പർ, ദ ഇല്യുമിനേഷൻ, ദ കോൺട്രാക്റ്റ്, ദ സ്‌പൈറൽ, ഫോറിൻ ബോഡി, എ ഇയർ ഓഫ് ദ ക്വയറ്റ് സൺ എന്നിവയാണ് ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിക്കുന്ന  സനൂസി ചിത്രങ്ങൾ. 

1980കളുടെ ഒടുവിൽ സ്വീഡിഷ് സംവിധായകൻ ഇംഗ്മർ ബെർഗ്മാനുമായി ചേർന്ന് സനൂസി യൂറോപ്യൻ ഫിലിം അക്കാദമി സ്ഥാപിച്ചു. ചലച്ചിത്രാധ്യാപകൻ കൂടിയായ സനൂസി ഇപ്പോൾ സ്വിറ്റ്‌സർലന്റിലെ യൂറോപ്യൻ ഗ്രാജ്വേറ്റ് സ്‌കൂൾ, പോളണ്ടിലെ ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കി ഫിലിം സ്‌കൂൾ എന്നിവിടങ്ങളിൽ പ്രൊഫസറാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *