ആലുവ: 2023ലെ ക്രിക്കറ്റ് ലോകകപ്പ് നേടാൻ ഇന്ത്യക്കാണ് ഏറ്റവും വലിയ സാധ്യതയെന്ന് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ പറഞ്ഞു. ആലുവ രാജഗിരി ആശുപത്രിയിൽ റോബോട്ടിക് സർജറി സെന്റർ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ജയസൂര്യ. ഈ ലോകകപ്പിൽ ഇന്ത്യ ഇതുവരെ ഒറ്റ മത്സരവും തോറ്റിട്ടില്ല. ബാറ്റിങ്ങിൽ വിരാട് കോഹ്ലി മുന്നിൽനിന്ന് നയിക്കുന്നു. ഇന്ത്യയുടെ ബൗളിങ് നിരയും മികച്ചതാണ്. സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. പരിക്കേറ്റതിനെത്തുടർന്നുള്ള ഹാർദിക് പാണ്ഡ്യയുടെ പിന്മാറ്റം ഇന്ത്യക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഓൾറൗണ്ടറാണ് അദ്ദേഹം. എന്നാൽ, കഴിവുള്ള മികച്ച താരങ്ങൾ ഇന്ത്യക്കുള്ളത് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകളും സെമിഫൈനൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ലോകകപ്പിൽ ശ്രീലങ്കൻ ടീമിന്റെ പ്രകടനത്തിൽ ശ്രീലങ്കക്കാരടക്കം നിരാശയിലാണെന്നും ജയസൂര്യ പറഞ്ഞു. ബാറ്റർമാരും ബൗളർമാരും ഒരുപോലെ മികച്ച പ്രകടനം നടത്തിയാൽമാത്രമേ ലോകകപ്പിൽ വിജയിക്കാൻ കഴിയൂ. തോൽവിയെത്തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, സെലക്ടർമാരോടും കോച്ചിനോടും കളിക്കാരോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്ക് രണ്ട് മത്സരംകൂടി ബാക്കിയുണ്ട്. അവർ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.