ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് ഇറാൻ റെഡ് ക്രസന്റ് അറിയിച്ചു.. ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു.
കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം പറന്നുയർന്ന് 30 മിനുട്ടിൽ മൂടൽ മഞ്ഞിൽ അകപ്പെട്ട ഹെലികോപ്റ്ററുമായുള്ള ബന്ധം വേർപെട്ടു. ദുഷ്കരമായ കാലാവസ്ഥയിൽ തിരച്ചിൽ ശ്രമങ്ങൾ തുടരുകയാണ്. വിമാനം കാണാതായി 12 മണിക്കൂറിന് ശേഷമാണ് മരണം സ്ഥിരീകരിക്കുന്നത്. 60 രക്ഷാ സംഘങ്ങൾ തിരച്ചിൽ രംഗത്തുണ്ട്. അമേരിക്കൻ നിർമ്മിതമായ ബെൽ 212 എന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്.