സിയോൾ> ദക്ഷിണ കൊറിയയിലെ സിയോളിൽ ഹാലോവീൻ പാർട്ടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 146 പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കും. സിയോളിലെ ഇറ്റേവണിലെ ഹാമിൽട്ടൺ ഹോട്ടലിന് സമീപം ശനിയാഴ്‌ച രാത്രി സംഘടിപ്പിച്ച പരിപാടിയിലാണ് ദുരന്തം. ഹോട്ടലിന്റെ ഇടുങ്ങിയ വഴിയിൽ കുടുങ്ങി ആളുകൾക്ക് ശ്വാസംമുട്ടുകയായിരുന്നുവെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.
വൻ ജനക്കൂട്ടം ഹാലോവീൻ ആഘോഷങ്ങൾക്കായി ഒത്തുകൂടിയതാണ് അപകടത്തിന് കാരണമായത്. കുഴഞ്ഞുവീണവരെ പൊലീസും ഫയർഫോഴ്‌സുംചേർന്നാണ് ആശുപത്രിയിലാക്കിയത്. നൂറുകണക്കിന് കടകളുള്ള മെഗാസിറ്റിയാണ് ഇറ്റാവൺ. പരിപാടിക്കായി ഒരു ലക്ഷത്തോളം പേർ തടിച്ചുകൂടിയതായാണ് വിവരം. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൽ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. ദുരന്തബാധിതർക്ക് എല്ലാവിധ സഹായവുമെത്തിക്കാൻ അദ്ദേഹം ഉത്തരവിട്ടു.