KeralaNews

സർവ്വകലാശാലകൾക്ക് പുതിയ ചാൻസലർമാർ; ഓർഡിനൻസ് ഇറക്കും .

തിരുവനന്തപുരം: ചാന്‍സലര്‍ പദവിയില്‍ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വ്വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ളതാണ് ഓര്‍ഡിനന്‍സ്. 14 സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കം ചെയ്ത് കരട് ഓര്‍ഡിനന്‍സിലെ വകുപ്പ് പകരം ചേര്‍ത്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് ശുപാര്‍ശ ചെയ്തത്.
ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വ്വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പുഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകൾ കൂടി പരിഗണിച്ചാണിത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരളത്തിലെ സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലക്ക് സര്‍ക്കാര്‍ നല്‍കുന്ന സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ദീര്‍ഘകാല പരിപ്രേക്ഷ്യം രൂപപ്പെടുത്തിയെടുക്കാന്‍ സര്‍വ്വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗദ്ധ്യമുള്ള വ്യക്തികള്‍ വരുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.ചാൻസലർ പദവിയിൽ വിദ്യാഭ്യാസ വിദഗ്ധർ വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഓർഡിനൻസ് ഇറക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പരിഷ്ക്കരണത്തിന്റെ ഭാഗമായാണ്. ഓർഡിനൻസിൽ ഒപ്പിടേണ്ട ഭരണഘടനാ ബാധ്യത ഗവർണർ നിർവേറ്റുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *