KeralaNews

സൗരപ്രഭയിൽ കേരളം.

കൊച്ചി
സംസ്ഥാനത്തിന്റെ സൗരോർജ വൈദ്യുതോൽപ്പാദനശേഷി 695 മെഗാവാട്ടായി. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ‘സൗര’ പദ്ധതിയുടെ കരുത്തിലാണ്‌ ഈ കുതിപ്പ്‌. 2016ൽ യുഡിഎഫ്‌ ഭരണം അവസാനിക്കുമ്പോൾ കേരളത്തിന്റെ സൗരോർജ ഉൽപ്പാദനശേഷി 16 മെഗാവാട്ടായിരുന്നു. എൽഡിഎഫ്‌ സർക്കാർ സൗര പദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പാക്കിയതോടെ ഈ രംഗത്ത്‌ സംസ്ഥാനം മുന്നേറി.

പുരപ്പുറത്തെ നിലയങ്ങളിൽനിന്നുമാത്രം 387 മെഗാവാട്ടാണ്‌ ഉൽപ്പാദനശേഷി. തറനിരപ്പിലും ജലാശയങ്ങളിലും സ്ഥാപിച്ച നിലയങ്ങളിൽനിന്ന്‌ 287 മെഗാവാട്ടും ഗ്രിഡ്‌ ബന്ധിതമല്ലാത്ത ബാറ്ററി നിലയങ്ങളിൽനിന്ന്‌ 21 മെഗാവാട്ട്‌ ശേഷിയും കൈവരിച്ചു. കെഎഎസ്‌ഇബിയും അനെർട്ടുംവഴി മാത്രം സ്ഥാപിച്ച പുരപ്പുറനിലയങ്ങളിൽനിന്ന്‌ സൗരോർജ വൈദ്യുതോൽപ്പാദനശേഷി അടുത്തിടെ 100 മെഗാവാട്ട്‌ കൈവരിച്ചിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ സോളാർ തട്ടിപ്പ്‌ സൗരോർജ വൈദ്യുതി ഉൽപ്പാദന മേഖലയിൽ തിരിച്ചടിക്ക്‌ ഇടയാക്കി. സോളാർ സംരംഭകരും ഗുണഭോക്താക്കളും ഈ മേഖലയിൽ പണം മുടക്കാൻ മടിച്ചു.

എൽഡിഎഫ്‌ അധികാരത്തിൽ എത്തിയതോടെയാണ്‌ മാറ്റമുണ്ടായത്‌. നിലവിൽ സൗരോർജ ഉൽപ്പാദന മേഖലയിൽ 500 കമ്പനികൾ സംസ്ഥാനത്ത്‌ സജീവമാണ്. നിരവധിപേർ ഈ മേഖലയിൽ തൊഴിലെടുക്കുന്നു. പ്രസരണ-വിതരണ നഷ്ടം കുറവ്‌, മികച്ച വോൾട്ടേജ്‌, കാർബൺ നിർഗമനം കുറവ്‌ എന്നിവയാണ്‌ സൗരോർജ പദ്ധതിയുടെ നേട്ടങ്ങൾ. ഈ രംഗത്തുണ്ടാകുന്ന പുരോഗതിക്ക്‌ അനുസൃതമായി പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങൽ ചെലവിനത്തിൽ കുറവുണ്ടാകുന്നത്‌ കെഎസ്‌ഇബിക്കും സംസ്ഥാന സർക്കാരിനും സഹായകരമാകുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *