KeralaNews

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി.

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി.യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ സുപ്രീം കോടതിയും ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് 27 മാസത്തെ ജയില്‍ വാസത്തിന് ശേഷം സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത്.

നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് സിദ്ദിഖ് കാപ്പൻ പറഞ്ഞു. ഒപ്പമുളള നിരപരാധികള്‍ ഇപ്പോഴും ജയിലിലാണ്. പൊതുസമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും ജയിൽ മോചിതനായ ശേഷം സിദ്ദിഖ് കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

യുപി പൊലീസിന്റെ കേസില്‍ വെരിഫെക്കേഷന്‍ നടപടികള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. അവസാന ഘട്ട നടപടികള്‍ പൂര്‍ത്തിയായതോടെ കോടതി റിലീസിങ് ഓര്‍ഡര്‍ ലഖ്‌നൗ ജയിലിലേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎപിഎ കേസില്‍ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കിയത്. ഡിസംബറില്‍ അലഹാബാദ് ഹൈക്കോടതി ഇഡി കേസിലും ജാമ്യം നല്‍കി.

ഹാഥ്റസ് ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കാപ്പന്‍ 2020 ഒക്ടോബര്‍ അഞ്ചിനാണ് യുപിയില്‍ അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കാലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ അനധികൃതമായി എത്തിയെന്നാരോപിച്ചാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റിന് ശേഷം രണ്ടു തവണയാണ് അദ്ദേഹം ജയിൽനിന്ന് പുറത്തിറങ്ങിയത്. രോഗബാധിതയായ മാതാവിനെ കാണുന്നതിന് വേണ്ടിയും കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സക്ക് എയിംസിലേക്ക് മാറ്റിയപ്പോഴുമാണ് കാപ്പൻ ജയിലിൽ നിന്ന് ഇറങ്ങിയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *