തൃശ്ശൂര്‍: എഴുത്തുകാരനും മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു. 86 വയസായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെ 10:45 നായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം.
കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ അദ്ദേഹത്തിൻറെ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നാടകം, തിരക്കഥ, പത്രപ്രവർത്തകൻ, അഭിനയം, കഥകളി, തായമ്പക എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ് ചെയർമാൻ, സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.