കോഴിക്കോട്/തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് അരിമുതല്‍ പച്ചക്കറികള്‍വരെ മുഴുവന്‍ അവശ്യവസ്തുക്കള്‍ക്കും പൊള്ളുന്ന വില.വില അതിരുവിട്ടിട്ടും സര്‍ക്കാറിന് വിപണിയില്‍ ഇടപെടാനായില്ല. രണ്ടാഴ്ചക്കിടയില്‍ അരിക്ക് ക്വിന്റലിന് 300 മുതല്‍ 500 രൂപ വരെയാണ് മൊത്തവിലയില്‍ വര്‍ധനയുണ്ടായത്.ചില്ലറവില കിലേക്ക് 10 മുതല്‍ 12 രൂപവരെ കൂടി. കുത്തക കമ്ബനികള്‍ അവരുടെ ഔട്ട്‍ലറ്റുകള്‍ വഴി വില്‍ക്കാന്‍ അരിയും ഭക്ഷ്യവസ്തുക്കളും മൊത്തം ശേഖരിക്കുന്നതാണ് വില അനിയന്ത്രിതമായി വര്‍ധിക്കാന്‍ കാരണമായി പറയുന്നത്. കയറ്റുമതി വര്‍ധിച്ചതും മറ്റൊരു കാരണമാണ്.തിരുവനന്തപുരത്ത് ആഴ്ചകള്‍ക്ക് മുമ്ബ് 46 രൂപയായിരുന്ന ജയ അരിക്ക് ചില്ലറവിപണിയില്‍ 58 രൂപയായി. 45 രൂപയായിരുന്ന ഒരു കിലോ മട്ടക്ക് (ലൂസ്) 59 രൂപയായി. പച്ചരിക്കും ഡൊപ്പിയരിക്കും രണ്ടു മുതല്‍ നാലു രൂപ വരെ കൂടി. വില്‍പന 60 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു.ഗുണനിലവാരമുള്ള റേഷനരി ലഭിക്കുന്നതാണ് തല്‍ക്കാലം ആശ്വാസമാകുന്നത്. കേരളത്തിന് ആവശ്യമുള്ളത്രയും അരി ലഭ്യമാക്കുമെന്ന് ആന്ധ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും ഇതിനായി ജയ അരി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ആന്ധ്ര തീരുമാനിച്ചതായും മന്ത്രി അനില്‍ അറിയിച്ചു.അരിയുടെ അളവ് സംബന്ധിച്ച് ചര്‍ച്ചക്ക് 27ന് ആന്ധ്ര സംഘം കേരളത്തിലെത്തും. 25ന് മുമ്ബ് ആവശ്യമായ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിവരങ്ങള്‍ കേരളം ആന്ധ്രക്ക് കൈമാറും.ഉള്ളിവിലയും റോക്കറ്റ് പോലെ കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു കിലോ ചെറിയ ഉള്ളിക്ക് കഴിഞ്ഞ ആഴ്ച പൊതുവിപണിയില്‍ 60 രൂപയായിരുന്നത് തിങ്കളാഴ്ചയോടെ 110 രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞയാഴ്ച 30 രൂപയായിരുന്ന സവാളക്ക് കിലോക്ക് അഞ്ചു മുതല്‍ 12 രൂപവരെയാണ് വര്‍ധിച്ചത്.വിലവര്‍ധന ഉണ്ടെങ്കിലും ചില്ലറ വിപണിയെക്കാളും ആശ്വാസമാണ് ഹോര്‍ട്ടികോര്‍പില്‍. ഉള്ളിക്ക് വില വര്‍ധിച്ചതോടെ ഹോട്ടലുകാര്‍ ബിരിയാണിക്കും മുട്ട- ചിക്കന്‍ കറികള്‍ക്കും വില കൂട്ടിത്തുടങ്ങി. ദീപാവലി സീസണും ജൂലൈയില്‍ മഹാരാഷ്ട്രയിലുണ്ടായ പ്രളയവുമാണ് വിലവര്‍ധനക്ക് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.നേരത്തേ സവാളവില 100 കടന്ന ഘട്ടത്തില്‍ ഈജിപ്ത്, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഉള്ളി ഇറക്കുമതി ചെയ്താണ് വില പിടിച്ചുകെട്ടിയത്. ഇത്തവണ അത്തരം ചര്‍ച്ച കൃഷിവകുപ്പ് ആരംഭിച്ചിട്ടുപോലുമില്ല. ഉരുളക്കിഴങ്ങ്, ബീറ്റ് റൂട്ട്, തക്കാളി എന്നിവക്കും കിലോക്ക് അഞ്ചു മുതല്‍ 10 രൂപയുടെ വര്‍ധനയുണ്ട്.കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വലിയുള്ളി മൊത്തവില 25.50 ആണ്. 18-20 രൂപയുണ്ടായിരുന്നതാണ് കൂടിയത്. 22 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് 30 ആയി. നേന്ത്രപ്പഴത്തിന് കിലോ 50 ആണ് മൊത്തവില. 20 മുതല്‍ 50 ശതമാനം വരെ വിലകൂട്ടിയാണ് ചില്ലറവ്യാപാരികള്‍ വില്‍പന നടത്തുന്നത്.അരിക്ക് പിന്നാലെ പലവ്യഞ്ജനമടക്കം മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിച്ചുയരുന്നു. സോപ്പിനങ്ങള്‍ക്കും വന്‍ വിലക്കയറ്റമാണ്. ഉപ്പ്, മുളക്, പയറിനങ്ങള്‍ എന്നിവക്കും വില വര്‍ധിച്ചതോടെ സാധാരണക്കാരുടെ ജീവിതം ദുരിതമയമായി.ചെറുപയര്‍ വില ജൂലൈയില്‍ 98 ആയിരുന്നത് 109 ആയാണ് ഉയര്‍ന്നത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിക്കുകയാണ്. വറ്റല്‍മുളക് വില കിലോക്ക് 320ലെത്തി. ഉപ്പിനുപോലും മൂന്നു മാസത്തിനിടെ കിലോ അഞ്ചുരൂപ കൂടി.അലക്ക്, കുളി സോപ്പുകള്‍ക്ക് 40 മുതല്‍ 100 ശതമാനം വരെ വിലവര്‍ധനയുണ്ടായി. അതേസമയം തേങ്ങ, വെളിച്ചെണ്ണ, പ്ലാസ്റ്റിക് എന്നിവയുടെ വില കുറഞ്ഞു. പാമോയില്‍ വില 129ല്‍നിന്ന് 102 ആയി. വെളുത്തുള്ളി, ഉലുവ എന്നിവക്കും നേരിയ വിലക്കുറവുണ്ട്.
കോഴിക്കോട് വലിയങ്ങാടിയിലെ വില നിലവാരം
ആന്ധ്ര കുറുവ അരി-
മൊത്ത വില 36-43 രൂപ.
വെള്ളക്കുറുവ 37-43 (
പഴയ വില 35-40). പൊന്നി 40 രൂപ (പഴയ വില 36). ബോധന 33-50. ജയ അരിക്കാണ് വന്‍ വിലക്കയറ്റം. 500 രൂപയാണ് ക്വിന്റലിന് വര്‍ധിച്ചത്. കിലോ 60 രൂപയാണ് മൊത്തവില.