തിരുവനന്തപുരം: ഓണം തീർന്നതിനുപിന്നാലെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഓണക്കിറ്റ്, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ, കെഎസ്ആർടിസി എന്നിവയ്ക്കായി 15000 കോടി രൂപ കടമെടുത്ത് ചെലവിട്ടതോടെ കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാൽ കേരളം ട്രഷറി നിയന്ത്രണത്തിന്റെ വക്കിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ 6500 കോടി രൂപയാണ് ഈ വർഷം അധികമായിയെടുത്തത്. ഇതിനൊപ്പം വിവിധ വകുപ്പുകളുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കണ്ടെത്തേണ്ടി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. കേന്ദ്രത്തിൽ നിന്ന് ധനക്കമ്മി നികത്തൽ ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവും കിട്ടിയില്ല. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതുവഴി മാത്രം 23000 കോടിരൂപയുടെ ബാധ്യത സംസ്ഥാന ഖജനാവിനുണ്ടായി. റിസർവ് ബാങ്കിൽ നിന്ന് എടുക്കാവുന്ന വെയ്‌സ് ആന്റ് മീൽസ് പരിധിയും തീർന്നാണ് ഖജനാവ് ഓവർഡ്രാഫ്റ്റ് പരിധിയിലേക്ക് എത്തുന്നത്. ഇതിനെല്ലാം പുറമെ 2012ലെ കടപത്ര മുതലും തിരിച്ചടക്കേണ്ടത് ഈ വർഷമാണ്. പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ട്രഷറി നിയന്ത്രണത്തിനും സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, ചികിത്സാ സഹായം, മരുന്ന് വാങ്ങൽ ശമ്പളം പെൻഷൻ തുടങ്ങി അത്യാവശ്യ നിത്യ ചെലവുകൾക്ക് ഒഴികെ നിയന്ത്രണം വന്നേക്കും. അതേസമയം സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേന്ദ്രം പണം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചു. കേന്ദ്രത്തിൽ നിന്നും ജിഎസ്ടി കുടിശ്ശിക കിട്ടാനുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം പണം തന്നില്ലെങ്കിൽ ഭാവിയിൽ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുമെന്നും എന്നാൽ ഓവർ ഡ്രാഫ്റ്റിലേക്ക് പോകാതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.