തിരുവനന്തപുരം:അങ്കമാലി എരുമേലി ശബരി റെയിൽപ്പാതയുടെ പുതുക്കിയ അടങ്കൽ റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. കേന്ദ്ര ബജറ്റിൽ 100 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയ സാഹചര്യത്തിലാണ് പദ്ധതിക്ക് വേഗമേറുന്നത്. 3726.57 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അടങ്കൽ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡാണ് (കെ റെയിൽ) തയ്യാറാക്കിയത്. 2017ൽ തയ്യാറാക്കിയ എസ്റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു. സതേൺ റെയിൽവേയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (നിർമാണവിഭാഗം), റെയിൽവേ ബോർഡ് അഡീഷണൽ മെമ്പർ (വർക്‌സ്) എന്നിവർ വഴിയാണ് റെയിൽവേ ബോർഡിന് കെ-–- റെയിൽ അടങ്കൽ സമർപ്പിച്ചത്. പദ്ധതിയുടെ പകുതി വഹിക്കാമെന്ന് സംസ്ഥാന സർക്കാർ സമ്മതിച്ചിരുന്നു.
അങ്കമാലിമുതൽ രാമപുരംവരെയുള്ളത് നേരത്തെ സമർപ്പിച്ചു. രാമപുരംമുതൽ എരുമേലിവരെയുള്ളതിന്റെ സ്ഥലനിർണയ സർവേ ലിഡാർ സാങ്കേതികവിദ്യ ഉപയോഗിച്ച് പൂർത്തിയാക്കി. ശബരിമല തീർഥാടകർക്ക് സുഗമ യാത്രാസൗകര്യം ഒരുക്കുന്നതിനുപുറമെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളുടെ വാണിജ്യ, വ്യവസായ സാധ്യതകൾകൂടി ഉൾപ്പെടുന്നതാണ് പദ്ധതി. 1997––98ലെ റെയിൽവേ ബജറ്റാണ് പദ്ധതി മുന്നോട്ടുവച്ചത്. ഈവർഷം പദ്ധതിയെ റെയിൽവേ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തി.