തിരുവനന്തപുരം : സർക്കാർ ഐടി പാർക്കുകൾക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വർക്ക് നിയർ ഹോം സ്ഥാപിക്കുന്നതിന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. കേരളത്തിൽ പ്രവർത്തിക്കുന്ന ഐടി / ഐടിഇഎസ് മേഖലയിലെ ജീവനക്കാരുടെ പ്രവർത്തന സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം കേരളത്തിന് പുറത്തുള്ള കമ്പനികളെയും ജീവനക്കാരെയും ആകർഷിക്കാൻ പദ്ധതി വഴി സാധിക്കും.
നിലവിലെ മൂന്നു സർക്കാർ ഐടി പാർക്കുകളിൽ നിന്ന് അകലെയായി ആ സ്ഥലത്തെ ഇപ്പോഴത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് അയ്യായിരം മുതൽ അൻപതിനായിരം വരെ ചതുരശ്ര അടി വിസ്‌തൃതിയിൽ ഐടി സ്പെയിസുകൾ സജ്ജീകരിക്കുന്നതാണ് നിർദ്ദിഷ്‌ട വർക്ക് നിയർ ഹോം മാതൃക. പ്ലഗ് & പ്ലേ ഓഫീസ്, കോവർക്കിംഗ് സ്പെയിസ്, മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് റൂം, ട്രെയിനിങ് റൂം, കോഫി ലോഞ്ച് / റസ്റ്റോറന്റ്, സീംലെസ് ഇൻറർനെറ്റ് കണക്‌ടിവിറ്റി – വയേർഡ് വൈഫൈ, അൺ ഇൻ്ററപ്റ്റഡ് പവർ സപ്ലൈ, എയർകണ്ടീഷൻ, വീഡിയോ/ ഓഡിയോ കോൺഫറൻസ് ഫെസിലിറ്റി, വയർലെസ് പ്രിൻറർ, സ്‌കാനർ എന്നിവയോടുകൂടിയ ഫ്രണ്ട് ഡെസ്‌ക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന സർവയലൻസ് & സെക്യൂരിറ്റി എന്നിവ ഉൾപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത് . W Room എന്നറിയപ്പെടുന്ന പ്രസ്‌തുത കേന്ദ്രങ്ങൾ കാഴ്ചയിലും അനുഭവത്തിലും സമാനമായിരിക്കും.