സൗദിയും ജപ്പാനും കൊറിയയും കൊളുത്തിയ ദീപം ഇറാനും ഏറ്റുവാങ്ങുന്നു. ലോകകപ്പിൽ വെയ്‌ൽസിനെ കീഴടക്കി ഏഷ്യൻ കരുത്തരായ ഇറാൻ തിരിച്ചുവരുന്നു. ഗ്രൂപ്പ് ബിയിലെ ആദ്യകളിയിൽ ഇംഗ്ലണ്ടിനോട് തകർന്നടിഞ്ഞതാണ്. വെയ്‌ൽസിനെ രണ്ട് ഗോളിന് തോൽപ്പിച്ച് പ്രീക്വാർട്ടർ സാധ്യത സജീവമാക്കി.
പരിക്കുസമയത്ത് റൂസ്‌ബെ ചെഷ്‌മിയും റാമിൻ റെസെയിനും ഗോളടിച്ചു. 64 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകകപ്പിനെത്തിയ വെയ്‌ൽസിന് തോൽവി കനത്ത തിരിച്ചടിയായി. ഗോൾകീപ്പർ ഹെന്നെസി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ക്യാപ്‌റ്റൻ ഗാരെത് ബെയ്‌ലിനും സംഘത്തിനും ഒരു പോയിന്റാണുള്ളത്. ആദ്യകളിയിൽ അമേരിക്കയോട് സമനില വഴങ്ങിയിരുന്നു. അവസാനമത്സരത്തിൽ ശക്തരായ ഇംഗ്ലണ്ടാണ് എതിരാളി.
ആതിഥേയരായ ഖത്തർ തുടർച്ചയായി രണ്ടാംകളിയും തോറ്റ് പുറത്തായി. ആഫ്രിക്കൻ മുഖമായ സെനെഗൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ഖത്തറിനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എയിൽ സെനെഗലിന് മൂന്ന് പോയിന്റുണ്ട്. ഖത്തറിന്റെ അവസാനമത്സരം നെതർലൻഡ്‌സിനെതിരെയാണ്. സെനെഗലിന് ഇക്വഡോറും. ബൗലായി ദിയ, ഫമര ഡൈദി, ബാബാ ഡീങ് എന്നിവർ സെനെഗലിനായി ഗോളടിച്ചു. ഖത്തറിന്റെ ആശ്വാസം മുഹമ്മദ് മുന്റാരിയുടെ ബൂട്ടിൽനിന്നായിരുന്നു. നെതർലൻഡ്‌സും ഇക്വഡോറും ഓരോ ഗോളടിച്ച് പിരിഞ്ഞതോടെയാണ് ഖത്തർ പുറത്തായത‍്.
സൗദി അറേബ്യയോട് തോറ്റ അർജന്റീന ശനിയാഴ്‌ച നിർണായക മത്സരത്തിൽ മെക്‌സിക്കോയെ നേരിടും. മുന്നോട്ടുപോകാൻ അർജന്റീനയ്ക്ക് വിജയം അനിവാര്യമാണ്. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ഡെൻമാർക്കാണ് എതിരാളി. ഓസ്‌ട്രേലിയയെ 4–-1ന് തകർത്താണ് ഫ്രഞ്ച് പട എത്തുന്നത്. ഗ്രൂപ്പ് സിയിൽ പോളണ്ട് സൗദിയെയും, ഗ്രൂപ്പ് ഡിയിൽ ടുണീഷ്യ ഓസ്‌ട്രേലിയയെയും നേരിടും.