KeralaNews

വിഴിഞ്ഞം: സമവായശ്രമം ഊർജിതം ; ചർച്ച ഇന്ന്‌.

തിരുവനന്തപുരം
വിഴിഞ്ഞം സമരസമിതി നടത്തുന്ന തുറമുഖവിരുദ്ധ സമരം ഒത്തുതീർക്കാനുള്ള സമവായ ശ്രമം സർക്കാർ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി  ചൊവ്വാഴ്‌ച വൈകിട്ട്‌ സമരസമിതി അംഗങ്ങളുമായി മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തും. 5.30ന്‌ സെക്രട്ടറിയറ്റിലാണ്‌ ചർച്ച. സമരസമിതി ഉന്നയിച്ച പുതിയ ചില ആവശ്യങ്ങളടക്കം മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിസഭാ ഉപസമിതി തിങ്കളാഴ്‌ച വൈകിട്ട്‌ ചർച്ച ചെയ്‌തു. തുടർന്നാണ്‌ സമരസമിതിയുമായി ചർച്ച നടത്താൻ ധാരണയായത്‌.
സമരസമിതിയും മന്ത്രിസഭാ ഉപസമിതിയും തിങ്കളാഴ്ച അനൗപചാരിക ചർച്ച നടത്തിയിരുന്നു. മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, വി അബ്ദുറഹിമാൻ എന്നിവരും തുറമുഖമന്ത്രി അഹമ്മദ്‌ ദേവർകോവിലും പങ്കെടുത്തു. തിങ്കളാഴ്‌ച പകൽ മന്ത്രിസഭാ ഉപസമിതി അംഗംകൂടിയായ ഗതാഗതമന്ത്രി ആന്റണി രാജു കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ, ലത്തീൻ അതിരൂപതാ ആർച്ച്‌ ബിഷപ്‌ തോമസ്‌ ജെ നെറ്റോ എന്നിവരുമായും ചർച്ച നടത്തി.   

ശനിയാഴ്‌ച കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ മുഖ്യമന്ത്രിയെ സെക്രട്ടറിയറ്റിലെത്തി കണ്ടിരുന്നു. അന്ന്‌ തോമസ്‌ ജെ നെറ്റോ, സമരസമിതി കൺവീനർ യൂജിൻ പെരേര എന്നിവരുമായും ക്ലീമിസ് കാതോലിക്കാബാവാ കൂടിക്കാഴ്‌ച നടത്തി. തിങ്കളാഴ്‌ച തലസ്ഥാനത്തെ മതമേലധ്യക്ഷന്മാരും സാമൂഹിക രാഷ്‌ട്രീയരംഗത്തെ പ്രമുഖരുമടങ്ങുന്ന സംഘം വിഴിഞ്ഞം സമരസമിതി വേദികളിൽ സന്ദർശനം നടത്തി. സംഘത്തിൽ ലത്തീൻ അതിരൂപതാ മുൻ ആർച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യവുമുണ്ടായിരുന്നു. ആവശ്യമെങ്കിൽ സർക്കാരുമായും സമരസമിതിയുമായും മധ്യസ്ഥതയ്‌ക്ക്‌ തയ്യാറാണെന്ന്‌ ഇവർ വ്യക്തമാക്കി. ഗാന്ധിസ്‌മാരക നിധിയുടെ നേതൃത്വത്തിലും സംഘർഷസാധ്യത ലഘൂകരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്‌.  

വിഴിഞ്ഞം പൊലീസ്‌ സ്‌റ്റേഷൻ ആക്രമിച്ചുള്ള കലാപശ്രമത്തിൽ  മൂവായിരം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്‌. അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. തുറമുഖപദ്ധതി നിർമാണത്തിന്‌ കേന്ദ്രസേനയുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ള അദാനി പോർട്ട്‌ അധികൃതരുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *