KeralaNews

വരാപ്പുഴ പടക്കസംഭരണശാലയിലെ സ്‌ഫോടനം : ഒന്നാംപ്രതിയുടെ സഹോദരൻ അറസ്റ്റിൽ.

വരാപ്പുഴ:മുട്ടിനകത്ത് പടക്കസംഭരണശാലയിൽ സ്‌ഫോടനത്തെത്തുടർന്ന്‌ ഒരാൾ മരിച്ച സംഭവത്തിൽ ഒരാളെ പൊലീസ്‌ അറസ്റ്റുചെയ്തു. ഒളിവിൽ കഴിയുന്ന ഒന്നാം പ്രതിയായ ലൈസൻസി ജെൻസന്റെ സഹോദരൻ മുട്ടിനകം ഈരയിൽ വീട്ടിൽ ജെയ്സനെയാണ് (36) വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴം രാവിലെ കസ്‌റ്റഡിയിലെടുത്ത ഇയാളെ സ്റ്റേഷനിൽ വിശദമായി ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജെയ്സന് മരപ്പണിയാണ്‌.

ലൈസൻസി ഈരയിൽ ജെൻസൻ, കൂരൻ മത്തായി എന്നിവർക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾതന്നെയാണ്‌ ജെയ്സനെതിരെയും ചുമത്തിയിട്ടുള്ളത്. അനധികൃത പടക്കശാലയുടെ നടത്തിപ്പിൽ ഇയാൾക്കും പങ്കുണ്ടെന്നും വാഹനത്തിൽ വെടിമരുന്നും പടക്കങ്ങളും കൊണ്ടുവരാനും സംഭരിക്കാനും ഇയാൾ സഹോദരങ്ങൾക്കൊപ്പം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന മൂത്ത സഹോദരൻ ജാൻസനെയും ചോദ്യംചെയ്യുമെന്ന്‌ പൊലീസ് പറഞ്ഞു.

കൂരൻ മത്തായിയും ഒളിവിലാണ്‌. അനധികൃത പടക്കസംഭരണത്തിന്‌ വീട്‌ വാടകയ്‌ക്ക്‌ നൽകിയതിനാണ്‌ മത്തായിക്കെതിരെ കേസ്‌.   പടക്കസംഭരണശാലയും പൊട്ടിത്തെറിയിൽ നാശനഷ്ടമുണ്ടായ കെട്ടിടങ്ങളും പെസോ ഉദ്യോഗസ്ഥർ പരിശോധിച്ചു. കാക്കനാട് ഓഫീസിലെ കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ്‌ ശരവണന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. പടക്കങ്ങളുടെ സാമ്പിൾ ശേഖരിച്ചു. ഇവ പരിശോധനയ്‌ക്ക്‌ അയക്കും. സമീപത്തെ ഇരുനൂറോളം വീടുകളിൽ നാശനഷ്‌ടമുണ്ടായതായാണ്‌ പ്രാഥമിക നിഗമനം. ഗൃഹോപകരണങ്ങൾ, വാഹനം, വീടിനകത്തെ മറ്റു സാമഗ്രികൾ എന്നിവയ്‌ക്കുണ്ടായ നാശനഷ്‌ടങ്ങളുടെ കണക്കെടുക്കാൻ വരാപ്പുഴ വില്ലേജ്‌ അധികൃതരും പരിശോധന നടത്തി.
കൗൺസലിങ് നൽകും.അപകടം നടന്നതിനുസമീപത്തെ വീടുകളിലുള്ളവർക്ക്‌ കൗൺസലിങ് നൽകും. വെള്ളി രാവിലെ 10ന് മുട്ടിനകം സെന്റ്‌ മേരീസ് പാരീഷ് ഹാളിലാണ് കൗൺസലിങ്. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ ഫാമിലി കൗൺസലിങ് സെന്ററാണ്‌ കൗൺസലിങ് നടത്തുന്നത്‌. പ്രദേശത്തെ വീടുകൾ കൗൺസലിങ്‌ സംഘം സന്ദർശിക്കുമെന്നും വരാപ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ് സജീവ് കുമാർ പറഞ്ഞു.


What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *