ന്യൂഡല്‍ഹി: ‘ധിക്കാരിയായ രാജാവി’ന്റെ പ്രതിച്ഛായ മിനുക്കാന്‍ കോടികള്‍ ചെലവഴിക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.തൊഴിലിലായ്മയെന്ന മഹാമാരിയോട് രാജ്യം പോരാടിക്കൊണ്ടിരിക്കുമ്പോഴും രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങള്‍ സ്ഥിരവരുമാനത്തിന് മാര്‍ഗമില്ലാതെ വലയുമ്പോഴുമാണ് സര്‍ക്കാരിന്റെ ഈ ധൂര്‍ത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. വിലക്കയറ്റം സംബന്ധിച്ച് ലോക്സഭയില്‍ നടന്ന വാദപ്രതിവാദത്തിന് പിന്നാലെയാണ് രാഹുലിന്റെ പോസ്റ്റ്.
‘നിങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടിയും ഞാനും പോരാടുകയാണ്, അതിനിയും തുടരും. രാജ്യം അഭിമുഖീകരിക്കുന്ന ഏതൊക്കെ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം കാരണം സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ നിങ്ങളുടെ ജീവിതത്തെയാണ് ബാധിക്കുന്നത്’, ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പോസ്റ്റില്‍ രാഹുല്‍ പറഞ്ഞു. വിലക്കയറ്റവും ‘ഗബ്ബര്‍ സിങ് ടാക്സും'( ജിഎസ്ടി) സാധാരണക്കാരന്റെ വരുമാനത്തിന് നേര്‍ക്കുള്ള കടന്നാക്രമണമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സാധാരണക്കാരന് സ്വന്തം സ്വപ്നങ്ങള്‍ക്ക് വേണ്ടി മാത്രമല്ല മറിച്ച് അന്നത്തേക്കുള്ള ആഹാരത്തിനും കൂടിയാണ് പോരാടുന്നതെന്നും രാഹുല്‍ പറഞ്ഞു.
‘ഏകാധിപതി പറയുന്നതെന്തും മറുത്തൊന്നും പറയാതെ നിങ്ങള്‍ അനുസരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അവരെ ഭയപ്പെടുകയോ ഏകാധിപത്യം സഹിക്കുകയോ ചെയ്യേണ്ട ഒരാവശ്യവും നിങ്ങള്‍ക്കില്ല. അവര്‍ ഭീരുക്കളാണ്, നിങ്ങളുടെ കരുത്തും ഐക്യവും അവര്‍ ഭയപ്പെടുന്നു, അതിനാലാണ് നിങ്ങളെ ഭയപ്പെടുത്താന്‍ അവര്‍ നിരന്തരം ശ്രമിക്കുന്നത്. നമ്മള് ഭയപ്പെടുകയോ ഭയപ്പെടുത്താന്‍ അവരെ അനുവദിക്കുകയോ ചെയ്യില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു’-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് വേണ്ടി സഭയില്‍ കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തിയെങ്കിലും എംപിമാരെ സസ്പെന്‍ഡ് ചെയ്യുകയും പ്രതിഷേധമുയര്‍ത്തിയതിന് അറസ്റ്റ് ചെയ്യുകയും സഭ പിരിച്ചുവിട്ടതും എങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണെന്നും രാഹുല്‍ പറഞ്ഞു. സഭയില്‍ വിലക്കയറ്റം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ രാജ്യത്ത് അത്തരത്തിലുള്ള പ്രതിസന്ധിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദമെന്നും രാഹുല്‍ തന്റെ ദീര്‍ഘമായ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങള്‍ ഒറ്റയ്ക്കല്ലെന്നും ജനങ്ങളുടെ ശബ്ദമാണ് കോണ്‍ഗ്രസെന്നും ജനങ്ങളാണ് കോണ്‍ഗ്രസിന്റെ ശബ്ദമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ‘ഏകാധിപതി’യുടെ എല്ലാ കല്പനകളോടും എതിര്ത്തുനില്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.