തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണമെന്നും മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രികളെ മെഡിസെപ്പ് പദ്ധതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ്. ജീവനക്കാരില്‍ നിന്ന് വിഹിതം സമാഹരിച്ചിട്ട് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് വഞ്ചനാപരമാണ്. ഇത് തിരുത്തിയേ മതിയാവൂ.
സ്റ്റേറ്റ് എംപ്ളോയീസ് & ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍റെ (സെറ്റോ)ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വത്ര ധൂര്‍ത്തിലും അഴിമതിയിലും മുങ്ങി നില്‍ക്കുന്ന ഒരു ഭരണകൂടം യാതൊരു തത്വദീക്ഷയുമില്ലാതെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ്. ക്ഷാമബത്ത കുടിശ്ശിക 4 ഗഡു (11%) ആയി വിലക്കയറ്റത്തെ ചെറുക്കാനാണ് ക്ഷാമബത്ത നല്‍കുന്നതെന്ന അടിസ്ഥാനതത്വം പോലും സര്‍ക്കാര്‍ മറന്നു പോയിരിക്കുന്നു. ഉയര്‍ന്ന ഇന്ധനവിലയും അന്യായമായ ജി.എസ്.ടിയും കൂടി കണക്കിലെടുക്കുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലപൊതു സമൂഹത്തെയൊന്നാകെ വട്ടം കറക്കുകയാണ്.
കാലാകാലങ്ങളായി ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം കഴിഞ്ഞ മൂന്ന് വര്‍ഷമായി തടഞ്ഞ് വച്ചിരിക്കുകയാണ്. എച്ച്.ബി.എയും സി.സി.എ യുമെല്ലാം നിര്‍ത്തലാക്കി.
എന്നാല്‍ സര്‍ക്കാരിന്‍റെ ധൂര്‍ത്തിന് ഒരു കുറവുമില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരു പറഞ്ഞ് ദിവസവും പുത്തന്‍ കാറുകള്‍ വാങ്ങിക്കൂട്ടുകയാണ്.
സാധരണക്കാരന് വീട് വയ്ക്കാന്‍ 4 ലക്ഷം നല്‍കുന്ന നാട്ടില്‍ മുഖ്യമന്ത്രി യ്ക്ക് പശുത്തൊഴുത്ത് പണിയാന്‍ 40 ലക്ഷമാണ് നല്‍കിയത്. സര്‍ക്കാരിന്‍റെ കോടികളാണ് ഇങ്ങനെ വഴിവിട്ട ചെലവുകളിലൂടെ നഷ്ടപ്പെടുന്നത്.
പങ്കാളിത്ത പെന്‍ഷന്‍കാരോടും സര്‍ക്കാരിന് നിഷേധാത്മക നിലപാടാണ്. പങ്കാളിത്തപെന്‍ഷന്‍ പുന:പരിശോധിക്കാനുള്ള കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി വച്ചിരിക്കുകയാണ്. എന്തു വന്നാലും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്.
ഖാദര്‍ കമ്മിറ്റിയുടെ മറവില്‍ പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാനാണ് സര്‍ക്കാരിന്‍റെ ഗൂഢ നീക്കം. സര്‍വ്വകലാശാലകളെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന സമീപനമാണ്.
എല്ലാക്കാലത്തേയും പോലെ ബോണസ്സ് എന്ന പേരില്‍ തുച്ഛമായ തുക നല്‍കി ജീവനക്കാരെ വഞ്ചിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശമ്പള പരിഷ്ക്കരണം കഴിഞ്ഞിട്ടും ബോണസ്സിനുള്ള ശമ്പള പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി. പ്രദീപ്, ആര്‍. അരുണ്‍കുമാര്‍, എ.പി. സുനില്‍, റ്റി.ഒ. ശ്രീകുമാര്‍, പ്രകാശ്, സന്തോഷ്, ബിഎസ്. രാജീവ്, ഹാരീസ്, ഹരി, മുഹമ്മദാലി, അംബികാകുമാരി, അനസ്സ്, രാകേഷ് എന്നിവര്‍ സംസാരിച്ചു.