ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകൾ നടത്തണമെന്ന ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രിൽ 18ലേക്ക് മാറ്റി. സുപ്രീംകോടതി ചുമതലപ്പെടുത്തിയ മേൽനോട്ടസമിതി മാർച്ച് 27ന് അണക്കെട്ട് സന്ദർശിക്കുന്നുണ്ട്. 28ന് കേരളം, തമിഴ്നാട് പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗവുമുണ്ട്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കുന്നത് നീട്ടിയത്.
അണക്കെട്ടിന്റെ സുരക്ഷയിൽ തൃപ്തി പ്രകടിപ്പിച്ച് മേൽനോട്ടസമിതിയും കേന്ദ്ര ജലകമീഷനും സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സ്വതന്ത്രസമിതി അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തണമെന്ന് കേരളം സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു.