KeralaNews

മുഖ്യമന്ത്രിക്ക് നേരെ ആക്രോശവുമായി പ്രതിഷേധക്കാർ പാഞ്ഞടുത്തുവെന്ന് എഫ്ഐആർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധിച്ചവര്‍ അദ്ദേഹത്തെ വധിക്കാനുള്ള ഉദ്ദേശത്തോടെയെന്ന് എത്തിയതെന്ന് എഫ്‌ഐആര്‍. ”നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ” എന്ന് ആക്രോശിച്ചുകൊണ്ട് പ്രതികൾ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്ത പ്രതികളെ തടയാൻ ശ്രമിച്ച ​ഗൺമാനെ ഉപദ്രവിച്ചെന്നും എഫ്ഐആറിലുണ്ട്.

വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വലിയതുറ പോലീസാണ് പ്രതിഷേധക്കാർക്കെതിരെ കേസെടുത്തത്.

മുഖ്യമന്ത്രിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. അതിക്രമം തടയാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ ​ഗൺമാനെ ദേഹോപദ്രവം ഏൽപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുനീഷ് കുമാറിന് നേരെ ആക്രമണമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി പോലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിനകത്താണ് അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്(28), കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍കുമാര്‍ (34) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്നാളുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ തള്ളിയതോടെ പ്രതിഷേധക്കാരിലൊരാൾ പിന്നിലേക്കു മറിഞ്ഞു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇരുവരെയും കീഴടക്കി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *