KeralaNews

മാങ്ങ മോഷണ കേസ് ഒത്തു തീർപ്പിലേക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീർപ്പിലേക്ക്. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷയിൽ കോടതി ഇന്നു വിധി പറഞ്ഞേക്കും. അതേസമയം, സംഭവത്തിന് പിന്നാലെ പൊലീസുകാരൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വിൽപ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് കട്ടത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോവുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. എന്നിട്ടും ഷിഹാബിനെ അറസ്റ്റ് ചെയ്യാൻ കാഞ്ഞിരപ്പളളി പൊലീസിന് കഴിഞ്ഞിട്ടില്ല.
പൊലീസുകാരനായ ഷിഹാബിന് പൊലീസിൻറെ അന്വേഷണ വഴികളെ കുറിച്ച് നല്ല ധാരണയുണ്ട്. ഇത് തന്നെയാണ് ഷിഹാബിലേക്ക് എത്താൻ കാഞ്ഞിരപ്പളളി പൊലീസിന് മുന്നിലെ തടസവും. ഷിഹാബ് തൃശൂരിലും പാലക്കാടും ചെന്നെന്ന സൂചനകൾ പൊലീസിന് കിട്ടിയിരുന്നു. എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഷിഹാബ് എവിടെയെന്നതിനെ പറ്റി ഒരു സൂചനയും പൊലീസിന് കിട്ടാതായത്.മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രതിയാണ് ഷിഹാബ്. ഈ കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്. ബലാത്സംഗ കേസിലെ ഷിഹാബിൻറെ ജാമ്യം റദ്ദാക്കാനുളള നടപടികളും പൊലീസ് ഇനിയും തുടങ്ങിയിട്ടില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *