ഷാർജ: മലയാളി ഉടമയുടെ ചതിയിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ
സാധിക്കാതെ സാമ്പത്തികമായി പ്രതിസന്ധിയിലായ മുൻ സൈനിക
ഉദ്യോഗസ്ഥൻ വൻ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവായി. കൊല്ലം
കൊട്ടാരക്കര പവിത്രേശ്വരം സ്വദേശിയായ തോമസുകുട്ടി ഐസക്ക് (56)
നെ യുഎഇ ഗവൺമെന്റും സുമനുസ്സുകളും ബാധ്യത തുകയായ 162238
ദിർഹംസ് (40 ലക്ഷം ഇന്ത്യൻ രൂപ) നൽകി സഹായിച്ചത് മൂലമാണ്
പ്രശ്നം പരിഹരിക്കാൻ സാധിച്ചത്.
22 വർഷത്തോളം ഇന്ത്യൻ അതിർത്തി സേനയിൽ ജോലി ചെയ്‌തു
വരികയായിരുന്ന തോമസുകുട്ടി 2009 – ൽ ജോലിയിൽ നിന്ന് വിരമിച്ചു
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2015 ലാണ് യുഎഇ യിൽ
എത്തുന്നത്. 2015 ഡിസംബര്‍ 10 – ന് തൃശൂർ സ്വദേശിയുടെ
ഉടമസ്ഥതയിലുള്ള ഷാര്‍ജയിലെ സ്‌ക്രാപിംഗ് കമ്പനിയില്‍ ഡ്രൈവറായി
ജോലിയിൽ പ്രവേശിച്ചു. കമ്പനിയില്‍ വിസ എടുക്കുന്ന സമയത്ത് കമ്പനി
ഉടമ വിസാനടപടികൾക്കായുള്ള നിയമപരമായ രേഖകൾക്കൊപ്പം
ജീവനക്കാർക്ക് താമസിക്കുവാനായി സജ്ജയിൽ എടുത്ത ഫ്ലാറ്റിന്റെ
വാടക കരാറിലും തോമസുകുട്ടിയെ കൊണ്ട് ഒപ്പിടിയിച്ചു. ഒരു
വർഷത്തിന് ശേഷം തോമസ് നിലവിലെ ജോലിയുപേക്ഷിച്ചു നാട്ടിലേക്ക്
മടങ്ങി. തുടർന്ന് 2017 ല്‍ തിരികെയെത്തി അബുദാബിയിലെ മറ്റൊരു
കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.
2022 ഫെബ്രുവരി 27 ന് ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക്
മടങ്ങവേ ദുബായ് എയർപോർട്ടിൽ വെച്ചാണ് തൻ്റെ പേരിൽ കേസും
ട്രാവല്‍ ബാനും ഉണ്ടെന്ന് ഇദ്ദേഹം അറിയുന്നത്. എന്താണ് സംഭവം എന്ന്
മനസിലാകാത്ത തോമസുകുട്ടി വിശദമായി അന്വേഷിച്ചപ്പോഴാണ്
സ്‌ക്രാപിംഗ് കമ്പനി ഉടമയുടെ ചതി മനസിലാകുന്നത്. തൻ്റെ പേരിൽ
കമ്പനി ഉടമ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കുകയും മൂന്നു വര്‍ഷമായി
വാടക നൽകാത്തതിനാൽ ഷാര്‍ജ മുനിസിപ്പാലിറ്റിയിൽ തനിക്കെതിരെ
കേസ് ഫയൽ ചെയ്തിരിക്കുകയാണെന്നും വാടക കുടിശ്ശികയായ 162238
ദിര്‍ഹംസ് (40 ലക്ഷം രൂപ) അടച്ചാലേ കേസില്‍ നിന്ന് ഒഴിവാകാന്‍
സാധിക്കുകയുള്ളൂ എന്ന് തോമസ് മനസിലാക്കി. ഇതോടെ
സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ തോമസുകുട്ടി പല
നിയമസ്ഥാപനങ്ങളെയും അഭിഭാഷകരെയും സാമൂഹ്യ പ്രവർത്തകരെയും
സമീപിച്ചെങ്കിലും ആരും തന്നെ സഹായിക്കാൻ മുന്നോട്ട് വന്നില്ല.
ഇതോടെ എന്ത് ചെയ്യുമെന്നറിയാതെ പരിഭ്രാന്തിയിലായ തോമസുകുട്ടി
ഷാർജ വർഷിപ്പ് സെന്ററിലെ റവറൻ. ഡോ.വിൽസൺ ജോസഫിനെ
സമീപിക്കുകയായിരുന്നു. തുടർന്ന് ഈ പ്രശ്നത്തിന് പരിഹാരം
കാണുന്നതി ന് വേണ്ടി ഫാദറിന്റെ നേതൃത്വത്തിൽ യുഎഇയിലെ യാബ്
ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശേരിയെ സമീപിച്ചു.
യാബ് ലീഗൽ സർവീസസിന്റെ ഭാഗത്തു നിന്നും ഷാർജ കോടതിയുമായി
ബന്ധപ്പെട്ടെങ്കിലും തോമസുകുട്ടിയുടെ പേരിൽ തൊഴിലാളികൾക്ക് വേണ്ടി
ലേബർ ക്യാമ്പ് എടുത്ത വകയിൽ 162238 ദിർഹംസ് (40 ലക്ഷം ഇന്ത്യൻ
രൂപ) തുക കുടിശിക ഉള്ളതായി കണ്ടെത്തി. കേസ് കൊടുത്തവരുമായി
ബന്ധപ്പെട്ടെങ്കിലും മുഴവൻ തുകയും അടച്ചു തീർക്കാതെ ക്ലിയറൻസ്
നൽകില്ലെന്നാണ് അവരുടെ ഭാഗത്തു നിന്നും അറിയിച്ചത്.
നാട്ടിൽ ഉൾപ്പടെ സാമ്പത്തിക പ്രതിസന്ധിയിലായ തോമസുകുട്ടിക്ക്
പണമടച്ചു തീർക്കാൻ യാതൊരു നിർവാഹവുമില്ല. പ്രശ്ന
പരിഹാരമെന്നോണം ഫാദർ വിൽസൺ, സലാം പാപ്പിനിശ്ശേരി എന്നിവർ
ചേർന്ന് സുമനസുകളിൽ നിന്നും യുഎഇ ഗവൺമെന്റുമായി ബന്ധപ്പെട്ട
ചാരിറ്റി സംഘടനകളിൽ നിന്നും സഹായം സ്വീകരിച്ചു പ്രശ്നത്തിന്
പരിഹാരം കണ്ടെത്തുകയായിരുന്നു.
കമ്പനികൾക്ക് വേണ്ടിയോ സ്വന്തമായോ വാടക കരാർ ഉണ്ടാക്കുന്നവർ
അത് ഒഴിവാക്കുന്ന സമയം ക്ലിയറൻസ് സർട്ടിഫിക്കറ്റ്
മുൻസിപ്പാലിറ്റിയിൽ നിന്ന് വാങ്ങേണ്ടതാണെന്നും അല്ലാത്തപക്ഷം
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും സലാം
പാപ്പിനിശ്ശേരി വിശദമാക്കി.