കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. രാജേഷ് എം.മേനോനെ നിയമിച്ചു. നിലവിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് രാജേന്ദ്രനെ നീക്കി പകരം രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
കേസിൽ ഇനിയും കൂടുതൽ സാക്ഷികൾ കൂറുമാറിയേക്കും. അത് തടയുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കേസ് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ ശേഷം രാജേഷ് എം.മേനോൻ പറഞ്ഞു. സി.രാജേന്ദ്രൻ നേരത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് (DGP) രാജിക്കത്ത് കൈമാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജേന്ദ്രന്റെ രാജി.