KeralaNews

ഭൂമി ഇല്ലാത്ത ആദിവാസികള്‍ക്ക് ഈ വര്‍ഷം തന്നെ സ്ഥലം നൽകും : മന്ത്രി കെ. രാധാകൃഷ്ണന്‍

പത്തനംതിട്ട : വനാവകാശ നിയമ പ്രകാരം ജില്ലയില്‍ ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

അധികാരവും സമ്പത്തും ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ താഴേ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയില്‍ വലിയ മാറ്റമുണ്ടാകും. അവസരങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കുവാന്‍ ജനങ്ങള്‍ കൂടി തയാറാവണം. പഠിക്കുവാന്‍ തയാറായിട്ടുള്ള എല്ലാ കുട്ടികളേയും പഠിപ്പിക്കും. പഠിക്കുവാന്‍ തയാറായിട്ടുള്ള ഒരു കുട്ടിയും പഠിക്കാതിരിക്കാന്‍ പാടില്ല. അതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂള്‍ എന്ന പേരിലെ ട്രൈബല്‍ എടുത്തുകളയണം. ആ ലേബല്‍ നെറ്റിയില്‍ ഒട്ടിച്ചു നടക്കേണ്ട കാര്യമില്ല. മനുഷ്യരെ ഒന്നായി കാണുകയാണ് വേണ്ടത്. എല്ലാവരും പഠിക്കുന്ന വലിയ സ്‌കൂളാക്കി മാറ്റണം. സ്‌കൂളിനോട് അനുബന്ധിച്ച് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ ചിലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ കെട്ടിടം നിര്‍മിക്കുന്നത്. രണ്ടു നിലകളിലായി 903.44 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന് ഒന്‍പതു ക്ലാസ് മുറികളും പ്രഥമാധ്യാപകന്റേയും മറ്റ് അധ്യാപകരുടേയും പ്രത്യേകം മുറികളും ഓഡിറ്റോറിയവും, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യവും, കിച്ചണ്‍ ബ്ലോക്കും ഉണ്ടാവും. 18 മാസമാണ് നിര്‍മാണ കാലാവധി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *