KeralaNewsSports

ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിൽ.

ഗോളിൽ ആനന്ദ നൃത്തമാടി ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിൽ. ഒന്നൊന്നായി തുന്നിയെടുത്ത നീക്കങ്ങളിൽ കളംവരച്ച ബ്രസീൽ ഏഷ്യയുടെ പ്രതീക്ഷയായ ദക്ഷിണ കൊറിയയുടെ പോരാട്ടത്തെ പ്രീ ക്വാർട്ടറിൽ അവസാനിപ്പിച്ചു. ഒന്നിനെതിരെ നാല്‌ ഗോളിനാണ്‌  കൊറിയയെ ബ്രസീൽ തീർത്തുകളഞ്ഞത്‌. ജപ്പാന്‌ പിന്നാലെ കൊറിയയും പുറത്തായതോടെ ലോകകപ്പിൽ ഏഷ്യൻ പോരാട്ടം അവസാനിച്ചു. വിനീഷ്യസ്‌ ജൂനിയറും നെയ്‌മറും ലൂകാസ്‌ പക്വേറ്റയും റിച്ചാർലിസണുമാണ്‌  മുൻ ചാമ്പ്യൻമാർക്കായി ഗോൾ തൊടുത്തത്‌. ദക്ഷിണ കൊറിയയുടെ ഒറ്റ മറുപടി പയ്‌ക്‌ സിയുങ്‌ ഹോയുടെ വകയായിരുന്നു. ഈ മാസം ഒമ്പതിന്‌ നടക്കുന്ന ക്വാർട്ടറിൽ ക്രൊയേഷ്യയാണ്‌ ബ്രസീലിന്റെ എതിരാളികൾ.

പരിക്കുമാറിയ നെയ്‌മറും വിശ്രമത്തിലായിരുന്ന റിച്ചാർലിസണും വിനീഷ്യസ്‌ ജൂനിയറും കളത്തിലെത്തിയതോടെ ബ്രസീൽ സംഹാര രൂപികളായി. അവസാന കളിയിൽ കാമറൂണിനോട്‌ തോറ്റതിന്റെ നിരാശ എവിടെയുമുണ്ടായില്ല.  ഗ്രൂപ്പു ഘട്ടത്തിലെ അവസാന കളിയിൽ പോർച്ചുഗലിനെ കീഴടക്കി നോക്കൗട്ടിലെത്തിയ കൊറിയക്ക്‌ ബ്രസീലിനെതിരെ ആ കളിമിടുക്കുണ്ടായില്ല. ഒറ്റപ്പെട്ട ലോങ്‌ റേഞ്ച്‌ ഷോട്ടുകളിൽ പരീക്ഷണം നടത്തിയെങ്കിലും ബ്രസീൽ ഗോൾ കീപ്പർ അലിസൺ ബക്കറെ തുടക്കത്തിൽ മറികടക്കാനായില്ല അവർക്ക്‌.

കളി തുടങ്ങി ഏഴാം മിനിറ്റിൽ കൊറിയൻ വലയിൽ പന്തെത്തി. വലതുപാർശ്വത്തിൽ റഫീന്യയും ഇടതുഭാഗത്ത്‌ വിനീഷ്യസും പന്തൊഴുക്കി.  കൊറിയൻ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ്‌ മുന്നേറിയ റഫീന്യ ഗോൾമുഖത്തേക്ക്‌ ക്രോസ്‌ തൊടുത്തു. തട്ടിത്തെറിച്ച പന്ത്‌ നെയ്‌മർക്ക്‌.നെയ്‌മറിൽനിന്ന്‌. വിനീഷ്യസിലേക്ക്‌. ലോകകപ്പിൽ വിനീഷ്യസിന്റെ ആദ്യഗോൾ അവിടെ കണ്ടു. അതൊരു തുടക്കം മാത്രമായിരുന്നു.

റിച്ചാർലിസണെ ബോക്‌സിൽ വീഴ്‌ത്തിയതിന്‌ പെനൽറ്റി. നെയ്‌മറുടെ കിക്ക്‌ വലയിൽ. അരമണിക്കൂറിനുള്ളിൽ വീണ്ടും ബ്രസീൽ ആക്രമണം. ഇക്കുറി ഒന്നാന്തരം ടീം ഗോൾ. റിച്ചാർലിസണിൽനിന്ന്‌ തുടക്കം. മനോഹരമായ നീക്കത്തിൽ കൊറിയൻ പ്രതിരോധത്തെ പിന്നിലാക്കി റിച്ചാർലിസൺ മാർക്വിന്യോസിലേക്ക്‌ പന്ത്‌ കൈമാറി. ബോക്‌സിന്‌ മുന്നിൽവച്ച്‌ തിയാഗോ സിൽവ. അപ്പോഴേക്കും റിച്ചാർലിസൺ അവിടെയെത്തി. പന്ത്‌ നിയന്ത്രിച്ച്‌ ഒന്നാന്തരം ഷോട്ട്‌. ബ്രസീൽ 3–- ദക്ഷിണ കൊറിയ 0.
ആദ്യപകുതി അവസാനിക്കുംമുമ്പ്‌  നാലാംഗോളും വീണു. പക്വേറ്റ പൂർത്തിയാക്കി.

ഇടവേളയ്‌ക്കുശേഷം കൊറിയ കളിയിലേക്ക്‌ തിരിച്ചുവരാൻ ശ്രമിച്ചു. ബോക്‌സിലേക്ക്‌ ചില സമയത്തെങ്കിലും കടന്നുകയറാൻ അവർക്ക്‌ കഴിഞ്ഞു. പക്ഷേ, അവിടെ അലിസൺ തടസമായി. എന്നാൽ 78–-ാം മിനിറ്റിൽ അവർ ആശ്വാസം കണ്ടെത്തി. ഫ്രീകിക്കിൽ തട്ടിത്തെറിച്ച പന്ത്‌ പയ്‌ക്‌ സിയുങ്‌ ഹോ തൊടുത്തു. മനോഹരമായ ഹാഫ്‌ വോളി ഒടുവിൽ അലിസണെ കീഴടക്കി.

പെലെയ്‌ക്ക്‌ അരികെ നെയ്‌മർ
ബ്രസീൽ ഇതിഹാസം പെലെയുടെ ഗോളടിക്ക്‌ അരികെ നെയ്‌മർ. ദക്ഷിണ കൊറിയക്കായി പെനൽറ്റിയിലൂടെ ലക്ഷ്യം കണ്ടതോടെ ബ്രസീൽ കുപ്പായത്തിൽ നെയ്‌മറിന്‌ 76 ഗോളായി. പെലെയ്‌ക്ക്‌ 77ഉം. 92 കളിയിലാണ്‌ പെലെയുടെ നേട്ടം. നെയ്‌മറിന്‌ 123 മത്സരമായി. ഈ ലോകകപ്പിൽ ലക്ഷ്യം കണ്ടതോടെ മൂന്ന്‌ വ്യത്യസ്ത പതിപ്പുകളിൽ കാനറികൾക്കായി ഗോളടിക്കുന്ന മൂന്നാമത്തെ താരവുമായി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *