വിതുര: ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദർശിച്ചു. നവീകരണ പ്രവൃത്തികൾക്കുള്ള അന്തിമ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ട്രേഡ് യൂണിയൻ നേതാക്കളുൾപ്പെടെയുള്ള സംഘം ലയങ്ങൾ സന്ദർശിച്ചത്. 34 ലയത്തിലായി 155 കുടുംബമാണ് ഇവിടെ താമസിക്കുന്നത്. കൂടുതൽ കുടുംബങ്ങളെ ഉൾപ്പെടുത്തേണ്ടതുണ്ടെങ്കിൽ അതും പരിശോധിക്കും. ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജി സ്റ്റീഫൻ എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതോടെയാണ് നടപടികൾക്ക് തുടക്കമായത്. തുടർന്ന് മന്ത്രിമാർ സ്ഥലം സന്ദർശിക്കുകയും ചെയ്തു. എംഎൽഎയുടെയും ജില്ലാ കലക്ടർ ജെറോമിക് ജോർജിന്റെയും സാന്നിധ്യത്തിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനമായത്.
ബോണക്കാട് പോസ്റ്റ് ഓഫീസ്, സ്കൂൾ, സ്റ്റാഫ് ക്ലബ് എന്നിവയുടെ നവീകരണത്തിനും എസ്റ്റിമേറ്റ് തയ്യാറാക്കും. അന്തിമ എസ്റ്റിമേറ്റ് തയ്യാറായാൽ ഉടൻ നിർമിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജോലികൾ ആരംഭിക്കും. ഓണത്തിനുമുമ്പ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് ബോണക്കാട് സംഘടിപ്പിക്കും. സെപ്‌തംബർ മുതൽ ആഴ്ചയിൽ ഒരിക്കൽ മെഡിക്കൽ ക്ലിനിക്കുകൾ സംഘടിപ്പിക്കാനും എംഎൽഎയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചിരുന്നു. കുട്ടികൾ ഇല്ലാത്തതിനാൽ അടച്ചുപൂട്ടിയ ബോണക്കാട്ടെ യുപി സ്കൂൾ തുറക്കുന്നതിനുള്ള ശ്രമങ്ങളും വൈകാതെ ഉണ്ടാകും. ബോണക്കാട്ടേക്കുള്ള ബസുകളുടെ സമയം മാറ്റുന്നത് സംബന്ധിച്ച് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.