KeralaNews

ബഫർ സോൺ പുതിയ ഉത്തരവിൽ അവ്യക്തത: വി.ഡി സതീശൻ

തിരുവനന്തപുരം: ബഫർ സോണുമായി ബന്ധപ്പെട്ട പുതിയ സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ ഉത്തരവുമായി പോയാൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യം നടക്കില്ല. 2019 ഒക്ടോബർ 31ന് സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കണം. സർക്കാരിന് പിടിവാശിയും അപകർഷതാബോധവുമാണ്. മന്ത്രിസഭ ഒരു തീരുമാനം എടുത്താൽ ആ തീരുമാനമാണ് നിലനിൽക്കുന്നത്. അല്ലാതെ മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലെ തീരുമാനമല്ല നിലനിൽക്കുന്നത്. പഴയ ഉത്തരവ് റദ്ദാക്കിയെന്ന് പുതിയ ഉത്തരവിൽ പറയണം . 2019 ലെ ഉത്തരവിന്റെ കൂടെയാണ് സർക്കാർ ഇപ്പോഴും നിൽക്കുന്നത്. തെറ്റ് സമ്മതിക്കാതെ പഴയ ഉത്തരവിലെ തെറ്റിനെ ന്യായീകരിക്കാനുള്ള ഒരു ഉപന്യാസമാണ് പുതിയ ഉത്തരവ്. ഉത്തരവിൽ കൃത്യത വരുത്തിയില്ലെങ്കിൽ സുപ്രിം കോടതിയിൽ നിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനെ സ്വാഗതം ചെയ്യുന്നു. ലോകായുക്ത നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. ലോകായുക്തയെ പല്ലും നഖവും ഇല്ലാത്ത സംവിധാനം ആക്കാനുള്ള നീക്കത്തെ നിയമസഭയിൽ പ്രതിപക്ഷം എതിർക്കും.
കിഫ്ബി ബജറ്റിന് പുറത്തുള്ള മെക്കാനിസമാണെന്ന പ്രതിപക്ഷ നിലപാട് ശരിയാണ്. അത് അന്തിമമായി ബജറ്റിനകത്തേക്ക് തന്നെ വരും. സർക്കാരിന്റെ ബാധ്യതയായി മാറും. കിഫ്ബി ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല. പ്രതിപക്ഷ നിലപാടിനെ ശരിവയ്ക്കുന്നതാണ് രണ്ട് വർഷത്തെ സിഎജി റിപ്പോർട്ടിന്റെ ഉള്ളടക്കം. എന്നാൽ കിഫ്ബി മസാലാ ബോണ്ടിനെ കുറിച്ച് ഇ.ഡി അന്വേഷിക്കുന്നതിൽ വിയോജിപ്പുണ്ട്. അത് ഇ.ഡിയുടെ അന്വേഷണ പരിധിയിൽ വരില്ല. കള്ളപ്പണം വെളുപ്പിക്കലാണ് ഇ.ഡിയുടെ അന്വേഷണ പരിധി. തോമസ് ഐസകിന് ഇ.ഡി നൽകിയ നോട്ടീസിന് പ്രസക്തിയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
എ.കെ.ജി സെന്ററിലേക്കുള്ള പടക്കമേറിന് തൊട്ടു പിന്നാലെ അത് കോൺഗ്രസുകാർ ചെയ്തതാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞതും ഇടിവെട്ടിനേക്കാൾ വലിയ ശബ്ദമുണ്ടായെന്നും കിടുങ്ങി പോയെന്നും പി.കെ ശ്രീമതി പറഞ്ഞതുമാണ് മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ പരാമർശിച്ചത്. ഇ.പി.ജയരാജന്റെയും പി.കെ ശ്രീമതിയുടേയും വാക്കുകൾ കലാപത്തിനുള്ള ആഹ്വാനമായിരുന്നു. അത് തെറ്റായിപ്പോയെന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. പരാമർശം പി.കെ ശ്രീമതി ടീച്ചറെ വേദനിപ്പിച്ചുവെങ്കിൽ അത് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്യും. സ്ത്രീ വിരുദ്ധ പരാമർശമോ വ്യക്തിപരമായ അധിക്ഷേപമോ ഉണ്ടായാൽ അത് നിരുപാധികം പിൻവലിച്ച് മാപ്പ് പറയുമെന്നത് കോൺഗ്രസിന്റെ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *