തിരുവനന്തപുരം :പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. എം കുഞ്ഞാമൻ അന്തരിച്ചു. ശ്രീകാര്യത്തെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. ദീർഘകാലമായി കേരള സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ ‘എതിരിന് മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. എന്നാൽ പുരസ്കാരം കുഞ്ഞാമൻ നിരസിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് 1974-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ പാസായി. മുൻ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണന് ശേഷം ഒന്നാം റാങ്കോടെ സാമ്പത്തികശാസ്ത്രം എംഎ പാസ്സാകുന്ന ആദ്യ ദളിത് വിദ്യാർഥിയായിരുന്നു എം കുഞ്ഞാമൻ. തിരുവനന്തപുരം സിഡിഎസിൽ നിന്ന് എംഫിലും കൊച്ചിൻ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടി. ഡവലപ്മെന്റ് ഓഫ് ട്രൈബൽ എക്കോണമി, സ്റ്റേറ്റ് ലവൽ പ്ലാനിങ് ഇൻ ഇന്ത്യ. ഗ്ലോബലൈസേഷൻ – എ സബാൽട്ടേൺ പെർസ്പെക്ടീവ്, എക്കോണമിക്ക് ഡവലപ്മെന്റ് ആന്റ് സോഷ്യൽ ചേഞ്ച് എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.