തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏര്യയില്‍ പ്രധാനമന്ത്രി രാവിലെ 10:30 ഓടെ എത്തും. അവിടെ നിന്നും വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. ശേഷം ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1:20 ന് തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിലേക്ക് പോകും. നാളെ ഉച്ചയ്ക്ക് 1:10 ന് തിരുനെല്‍വേലിയില്‍ നിന്നും ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നും മഹാരാഷ്ട്രയിലേക്ക് തിരിക്കും.
വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകുന്ന അദ്ദേഹം, വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം വിഎസ്‌എസ്‌സിയിൽ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തി , അദ്ദേഹം ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ഗഗൻയാൻ ദൗത്യത്തിൻറെ ഭാഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തുമെന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യ തലസ്ഥാന സന്ദർശനത്തെ ചരിത്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. അതിന്റെ ഭാഗമായി സമ്മേളനത്തിൽ അരലക്ഷത്തോളം പേരെ പങ്കെടുപ്പിക്കും. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി പുതുതായി ബിജെപിയിലേത്തിയ ആയിരത്തോളം പേരും കൂടാതെ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളും സമ്മേളനത്തിൽ പങ്കെടുക്കും.