പാലക്കാട്: സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്നതിൻറെ സങ്കടത്തിലും പ്രതികളുടെ ഭീഷണിയിലും വശംകെട്ട് അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്നു കാണിച്ച്, ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിൻറെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നൽകി.. ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരയുകയാണ് മധുവിൻറെ സഹോദരി സരസു. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണ്. കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് വലിയ സമ്മർദം ഉണ്ടെന്നും സരസു പറയുന്നു. സ്വന്തം സഹോദരന് നീതി തേടിയുള്ള പോരാട്ടത്തിൽ ആരും കൂട്ടില്ലാത്ത അവസ്ഥയാണെന്ന് സരസു പറയുന്നു.
കൂറുമാറാതിരിക്കാൻ പണം ചോദിക്കുന്ന സാക്ഷികൾ. തുടർച്ചയായി മൂന്ന് സാക്ഷികളാണ് കൂറുമാറിയത്. പന്ത്രണ്ടാം സാക്ഷി വനംവകുപ്പ് വാച്ചർ അനിൽകുമാറാണ് ഒടുവിൽ മൊഴിമാറ്റിയത്. ഇന്ന് പതിമൂന്നാം സാക്ഷി സുരേഷിനെ വിസ്തരിക്കും. നേരത്തെ സുരേഷിനെ പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി മധുവിൻറെ കുടുംബം അഗളി പോലീസിൽ പരാതി നൽകിയിരുന്നു. പുതിയ സ്പെഷ്യൽ പ്രോസികൂട്ടർ രാജേഷ് മേനോൻ ചുമതല ഏറ്റശേഷമുള്ള വിസ്താരത്തിനിടെ ഇന്നലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ കൂറ് മാറിയിരുന്നു. തുടർച്ചയായി മൂന്നു സാക്ഷികൾ കൂറ് മാറിയതിൻറെ തിരിച്ചടിയിൽ ആണ് പ്രോസിക്യൂഷൻ.
മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് ആലോചന. ഭീഷണിയും പ്രലോഭങ്ങളും ഭയന്നാണ് തീരുമാനം. സാക്ഷികൾക്കും മധുവിന്റെ കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ഉത്തരവിട്ടിരുന്നു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ചുമതലയേറ്റശേഷം ഇന്നലെയാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു.