പ്രചാരണരംഗത്ത് വിജയകരമായ 50 സുവർണദിനം പിന്നിടുകയാണ് എൽഡിഎഫ് സ്ഥാനാർഥി കെ ജെ ഷൈൻ ടീച്ചർ. സ്ഥാനാർഥി പ്രഖ്യാപനംമുതൽ നാളിതുവരെ മണ്ഡലത്തിന്റെ കോണിലെ ജനാവലിക്കിടയിൽ ടീച്ചറുണ്ട്. കൊടുംചൂടും രണ്ടുമാസം നീണ്ട പ്രചാരണ കാലവും ടീച്ചർക്ക് വെല്ലുവിളിയായില്ല. ഒരു ദിവസംപോലും അവധിയെടുക്കാതെ വിസ്തൃതമായ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ട പ്രദേശം പലവട്ടം പിന്നിട്ടു. പ്രചാരണത്തിന് ശേഷിക്കുന്ന ദിവസങ്ങൾ കുറയുന്നതിലാണ് ടീച്ചർക്ക് ആശങ്ക. ‘ജനങ്ങളാണ് എന്നെ ഹരംകൊള്ളിക്കുന്നത്. അവർക്കൊപ്പം നിൽക്കുമ്പോൾ തളർച്ചയല്ല, പുതുജീവനാണ് കൈവരുന്നത്. മരിച്ചുകിടന്നാലും ജനങ്ങൾ മുന്നിൽവന്നാൽ ഞാൻ എഴുന്നേറ്റുവരും’. അമ്പതുനാൾ പിന്നിട്ട പ്രചാരണ അനുഭവങ്ങൾ ടീച്ചർ പങ്കിടുന്നു.