KeralaNews

പാചകവാതക വിലവർധന ; നട്ടെല്ലൊടിയും ; ചെറുകിട ഹോട്ടൽ ഉടമകളുടെ ആധിയേറുന്നു.

കൊച്ചി:‘ ഇപ്പോൾത്തന്നെ ജീവിതം വഴിമുട്ടി.  ഈ അവസ്ഥയിൽ എത്രനാൾ പിടിച്ചുനിൽക്കാനാകും ? കച്ചവടം എങ്ങനെ മുന്നോട്ടുകൊണ്ടുപോകും ? ’’ കേന്ദ്രസർക്കാർ പാചകവാതകവില കുത്തനെ വർധിപ്പിച്ചതോടെ  ആശങ്കയുടെ നടുക്കടലിലായ ചെറുകിട ഹോട്ടൽ ഉടമകളുടെ ആധിയേറുന്നു. 

‘‘ഒറ്റദിവസം 50 രൂപയുടെ അധികച്ചെലവാണ്‌ പാചക വാതകത്തിൽ  എനിക്കുണ്ടാകുന്നത്‌’’ എറണാകുളം ദേശാഭിമാനി ജങ്‌ഷനിൽ ചെറുകിട ഭക്ഷണശാല നടത്തുന്ന കെ കെ ഗോപിനാഥൻ പറയുന്നു. നഗരത്തിൽ കൂലിപ്പണിയെടുക്കുന്നവരും ചെറുകിട ജോലികൾ ചെയ്യുന്നവരുമാണ്‌ കടയിൽ വരുന്നത്‌.  അതിനാൽ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കാനാകില്ല.  ഉള്ള കച്ചവടവും ഇല്ലാതാകും. 

ദിവസവും 430 രൂപയുടെ അധികബാധ്യതയാണ്‌ വന്നതെന്ന്‌ ആസാദ്‌ റോഡിലെ ഹോട്ടൽ ആനന്ദാസ്‌ ഉടമ ജെ ശ്രീനിവാസൻ പറയുന്നു. സബ്‌സിഡികൂടി കണക്കിലെടുത്താൽ നഷ്‌ടം 530 രൂപയാകും. ഇങ്ങനെ പോയാൽ കച്ചവടം കടുത്ത പ്രതിസന്ധിയിലാകും. ഭാരം ഹോട്ടലുടമകൾ ഒറ്റയ്‌ക്ക്‌ താങ്ങേണ്ടിവരും.

‘‘ഒരു ദിവസം രണ്ടു സിലിണ്ടർ വേണം. അപ്പോൾത്തന്നെ നഷ്‌ടം 700 രൂപയായില്ലേ.. ? കറുകപ്പിള്ളിയിൽ ഹോട്ടൽ മർഹബ നടത്തുന്ന സി കെ ഖാദർ ചോദിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ കച്ചവടം കൂടുതലുള്ളതിനാൽ മൂന്നു സിലിണ്ടർ വേണം. നഷ്‌ടം 1050 രൂപയാകും. വിദ്യാർഥികളും സാധാരണക്കാരുമാണ്‌ ഹോട്ടലിൽ കൂടുതലും എത്തുന്നത്‌. ഭക്ഷണസാധനങ്ങൾക്ക്‌ വിലകൂട്ടിയാൽ അവർ വരില്ല. നഷ്‌ടവുമേറും. എന്തു ചെയ്യുമെന്ന്‌ അറിയില്ല’’ ഖാദർ പറഞ്ഞു.

‘സാധാരണക്കാർക്ക്‌ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. പാചകവാതക വിലവർധന കുടുംബബജറ്റിനെ താളം തെറ്റിക്കും. നിത്യോപയോഗസാധനത്തിന്‌ വിലയേറുമെന്ന്‌ ഉറപ്പാണ്‌. നഗരവാസിയായതിനാൽ പാചകവാതകം മാത്രമാണ്‌ ആശ്രയം. വിറകടുപ്പ്‌ പ്രായോഗികമല്ല. കേന്ദ്രസർക്കാർ ഒരുവിധത്തിലും ജീവിക്കാൻ അനുവദിക്കുന്നില്ല ’ കൊച്ചി നഗരത്തിലെ വീട്ടമ്മ എൻ കെ രജനി പറയുന്നു.


What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *