KeralaNews

നാൽപ്പത്‌ വയസ്സിൽ താഴെയുള്ള മുഴുവൻ സ്‌ത്രീ തൊഴിലന്വേഷകരെയും കേരള നോളജ് ഇക്കോണമി മിഷൻ “തൊഴിലരങ്ങത്തേക്ക്‌’ രണ്ടാംഘട്ടത്തിന്റെ ഭാഗമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം  :നാൽപ്പത്‌ വയസ്സിൽ താഴെയുള്ള മുഴുവൻ സ്‌ത്രീ തൊഴിലന്വേഷകരെയും കേരള നോളജ് ഇക്കോണമി മിഷൻ “തൊഴിലരങ്ങത്തേക്ക്‌’ രണ്ടാംഘട്ടത്തിന്റെ ഭാഗമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക്‌ നൈപുണ്യവികസന പരിശീലനം നൽകാൻ സർക്കാർ, അർധ സർക്കാർ ഏജൻസികളെ പ്രയോജനപ്പെടുത്തും. തൊഴിലരങ്ങത്തേക്കിന്റെ രണ്ടുമാസത്തെ പ്രവർത്തനംകൊണ്ട്‌ ഏകദേശം 26,000 പേരെ ഭാഗമാക്കി. 20 ലക്ഷംപേർക്ക്‌ തൊഴിൽ നൽകുകയാണ്‌ ലക്ഷ്യം. ലോകത്തെവിടെയും പിന്തള്ളപ്പെടാത്ത തലമുറയെ വാർത്തെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലരങ്ങത്തേക്ക്‌– -വനിതകൾക്കായുള്ള പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയുടെ ഭാഗമായുള്ള നിയമന ഉത്തരവ്‌ കൈമാറലിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വർക്ക്‌ നിയർ ഹോംപോലെയുള്ള തൊഴിൽരീതികൾ പ്രോത്സാഹിപ്പിക്കും. 1000 കോടി ചെലവിൽ ഒരുലക്ഷം വർക്ക്‌ സീറ്റുകൾ സൃഷ്ടിക്കും. ഇതിന്‌ 50 കോടിരൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്‌. പാരസ്പര്യവും സാഹോദര്യവുമാണ്‌ വൈജ്ഞാനികസമൂഹത്തിന്റെ അടിസ്ഥാനം. ഏറ്റവും ദുർബലനെപ്പോലും സാമൂഹിക പുരോഗതിക്ക്‌ സംഭാവന നൽകാനാകുംവണ്ണം മാറ്റിയെടുക്കുകയാണ്‌ ഇതിന്റെ അന്തഃസത്ത. അറിവിനെ ഉപയോഗപ്പെടുത്താൻ എല്ലാവർക്കും അവസരം ഉണ്ടാകണം. ലിംഗവിവേചനം പൂർണമായും തുടച്ചുനീക്കിയാലേ സമൂഹത്തെ പൂർണമായി മുന്നോട്ടുനയിക്കാൻ അറിവിനാകൂ.
കേരളത്തിലെ വിദ്യാർഥികളിൽ കൂടുതലും പെൺകുട്ടികളായിട്ടും തൊഴിൽമേഖലയിലെ പങ്കാളിത്തം കുറയുന്നതിനു പിന്നിലെ സാമൂഹിക, സാമ്പത്തിക കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നുണ്ട്‌. സ്‌ത്രീകളോടുള്ള സമീപനം മാറണമെങ്കിൽ ബോധവൽക്കരണം കുടുംബത്തിൽ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *