KeralaNews

നയിക്കട്ടെ ആ ത്യാഗസ്‌മരണ.

ന്യൂഡൽഹി : രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയെ ആർഎസ്‌എസുകാരനായ നാഥുറാം വിനായക്‌ ഗോഡ്‌സെ വെടിവച്ച്‌ കൊന്നിട്ട്‌ തിങ്കളാഴ്‌ച 75 വർഷം. 1948 ജനുവരി 30നാണ്‌ ലോകത്തെ നടുക്കി വർഗീയവാദികളുടെ തോക്ക് ഗാന്ധിജിയുടെ ജീവനെടുത്തത്‌. മാസങ്ങളുടെ ആസൂത്രണത്തിനു ശേഷമാണ്‌ ആർഎസ്‌എസിലെ ഉന്നതനേതൃത്വത്തിന്റെയും ഹിന്ദുമഹാസഭ നേതാവ്‌ വി ഡി സവർക്കറുടെ അറിവോടെയും ഗോഡ്‌സെയും സംഘവും ഇന്ത്യയുടെ ആത്മാവിലേക്ക്‌ നിറയൊഴിച്ചത്‌. പുണെയിലെ ആർഎസ്‌എസ്‌ നേതാവിൽനിന്നാണ്‌ ഗോഡ്‌സെ ബാരിസ്റ്റ തോക്ക്‌ സ്വന്തമാക്കിയത്‌.

വിഭജനസമയത്ത്‌ ഇന്ത്യ വാഗ്‌ദാനം ചെയ്‌ത തുക പാകിസ്ഥാന്‌ നൽകണമെന്നാവശ്യപ്പെട്ട്‌ 1948 ജനുവരി 13ന്‌ ഗാന്ധിജി നിരാഹാര സമരം പ്രഖ്യാപിച്ചതോടെ കൃത്യം നടത്താൻ തീരുമാനമായി. ആദ്യ ശ്രമം ജനുവരി 20നായിരുന്നു. ഗ്രനേഡ്‌ എറിഞ്ഞ്‌ ആൾക്കൂട്ടത്തെ ഭയപ്പെടുത്തി. പ്രാർഥനാവേദിയിൽ തനിച്ചായ ഗാന്ധിജിയെ വെടിവയ്‌ക്കാൻ ഉന്നംപിടിച്ച ബാഡ്‌ജെ പരിഭ്രമിച്ചു. ദൗത്യം പാളി. ഗ്രനേഡ്‌ പൊട്ടിച്ച മദൻലാൽ പഹ്‌വയെ പൊലീസ്‌ കീഴടക്കി. മുംബൈയിൽ മടങ്ങിയെത്തിയ ഗോഡ്‌സെയും ബാഡ്‌ജെയും വീണ്ടും തന്ത്രങ്ങൾ മെനഞ്ഞു. വെടിവയ്‌ക്കാനുള്ള ദൗത്യം ഗോഡ്‌സെ ഏറ്റെടുത്തു. ജനുവരി 30ലെ സായാഹ്നം. ഡൽഹി  ബിർളാ ഹൗസിൽ പ്രാർഥനായോഗത്തിന്‌ അൽപ്പം വൈകിയാണ്‌ ഗാന്ധിജി എത്തിയത്‌. മനുവിന്റെയും ആഭയുടെയും തോളിൽ പിടിച്ച്‌ ഗാന്ധിജി നടന്നടുത്തപ്പോൾ ആൾക്കൂട്ടത്തിനിടയിൽനിന്ന്‌ കാക്കിവേഷധാരിയായ ഗോഡ്‌സെ മുന്നിലേക്ക്‌ കടന്നെത്തി വന്ദിക്കാനെന്നോണം കുനിഞ്ഞു. മാറാൻ ആവശ്യപ്പെട്ട മനുവിനെ തട്ടിയകറ്റി. വേഗത്തിൽ നിവർന്ന്‌ തോക്കെടുത്ത്‌ നിറയൊഴിച്ചു.

നമ്മുടെയെല്ലാം ജീവിതത്തിന്റെ വെളിച്ചം കെട്ടുവെന്ന്‌ നെഹ്‌റു റേഡിയോയിലൂടെ പ്രഖ്യാപിച്ചു. ആർഎസ്‌എസുകാർ രാജ്യവ്യാപകമായി മധുരവിതരണം നടത്തി മരണം ആഘോഷിച്ചു. കോടതി ഗോഡ്‌സെയ്‌ക്കും ആപ്‌തെയ്‌ക്കും വധശിക്ഷ വിധിച്ചു. മറ്റ്‌ പ്രതികൾക്ക്‌ ജീവപര്യന്തം. സവർക്കർമാത്രം വിട്ടയക്കപ്പെട്ടു. അംബാല ജയിലിൽ 1949 നവംബർ 15ന്‌ ഗോഡ്‌സെയെയും ആപ്‌തെയെയും തൂക്കിലേറ്റി. രാജ്യത്ത്‌ ഹിന്ദുത്വ ഫാസിസം വേരൂന്നാൻ ശ്രമിക്കുന്ന കാലത്ത്‌ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്‌ വീര്യം കൂടുകയാണ്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *