കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി മൂന്ന് കോടതികളിൽ വെച്ച് പരിശോധിച്ചതായി അന്വേഷണ റിപ്പോർട്ട്. വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാണ് ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ഈ മെമ്മറി കാർഡ് പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിലാണ് ആദ്യം കണ്ടെത്തിയത്. കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നായിരുന്നു കണ്ടെത്തൽ. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ 2018 ജനുവരി 9 നും ഡിസംബര്‍ 13 നും 2021 ജൂലൈയിലും മാറിയതായും വിവോ ഫോണിൽ ആണ് മെമ്മറി കാർഡ് ഇട്ടതെന്നും പരിശോധന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വിവോ ഫോണിൽ കാർഡ് ഇട്ടപ്പോൾ 34 ഓളം ഫയലുകളോ ഫോൾഡറുകളോ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിക്കുകയായിരുന്നു. നടിയുടെ ഹർജിയിൽ കഴിഞ്ഞ ഡിസംബറിൽ വസ്തുതാ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ കോടതി ജഡ്ജിയായ എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിനോടായിരുന്നു അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർണായക കണ്ടെത്തലുകൾ ഉള്ളത്.