തിരുവനന്തപുരം: രാജ്ഭവനും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരേ മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്. ബാലഗോപാലിൽ “പ്രീതി’ നഷ്ടപ്പെട്ടെന്നു പറയുന്ന കത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം കൈയോടെ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയൻ ബാലഗോപാലിൽ തനിക്ക് അചഞ്ചലമായ വിശ്വാസമുണ്ടെന്നു മറുപടി നൽകി. സർക്കാരിന്റെ മറുപക്ഷത്ത് നിൽക്കുമ്പോഴും ഇക്കാര്യത്തിൽ ഗവർണറെ തുറന്നെതിർത്ത് പ്രതിപക്ഷവും കൂടി രംഗത്തെത്തിയതോടെ രാജ്യത്തുതന്നെ അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് കേരളം.
തനിക്കെതിരേ പരസ്യ പ്രസ്താവന നടത്തിയ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അപ്രീതി രേഖപ്പെടുത്തിയ ഗവർണറുടെ കത്ത് ചൊവ്വാഴ്ച രാത്രിയാണു മുഖ്യമന്ത്രിക്ക് ലഭിച്ചത്.ഗവർണറുടെ പ്രീതി അവസാനിപ്പിക്കുന്നതിനു തക്കമുള്ള ഒരു കാരണവും മന്ത്രിയുടെ പ്രസ്താവനയ്ക്കില്ലെന്നും വിഷയത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി . ഇന്നലെ രാവിലെ തന്നെ മറുപടി രാജ്ഭവന് കൈമാറി. ഡൽഹിയിലുള്ള ഗവർണർ ഇനി അടുത്ത മാസം ആദ്യമേ സംസ്ഥാനത്തെത്തൂ.
ഉത്തർപ്രദേശ് പോലുള്ള സ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്കു കേരളത്തിലെ സാഹചര്യങ്ങളെ മനസിലാക്കാന്‍ കഴിയില്ലെന്ന് 19ന് കാര്യവട്ടത്ത് നടത്തിയ പ്രസംഗത്തിൽ ബാലഗോപാൽ പരാമർശിച്ചതാണ് ഗവർണറെ ചൊടിപ്പിച്ചത്.’ബനാറസ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ചു വിദ്യാര്‍ഥികളെ വെടിവച്ചു വീഴ്ത്തിയിരുന്നു. അന്ന് എംപിയായിരുന്ന ഞാന്‍ അവിടെ പോയിരുന്നു. വിസിക്ക് 50-100 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. അവിടത്തെ മിക്ക സര്‍വകലാശാലകളിലെയും സ്ഥിതി ഇതാണ്’’-ബാലഗോപാൽ അന്ന് ചൂണ്ടിക്കാട്ടി.
നിയമമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തനിക്കെതിരേ ആക്രണം നടത്തിയെങ്കിലും അതു വ്യക്തിപരമായതിനാല്‍ അവഗണിക്കുന്നുവെന്ന് ഗവര്‍ണര്‍ കത്തിൽ പറയുന്നു. എന്നാൽ, മന്ത്രി ബാലഗോപാല്‍ നടത്തിയ ദേശദ്രോഹപരമായ പ്രസ്താവന കണ്ടില്ലെന്ന് നടിക്കാനാവില്ല. അത് സത്യപ്രതിജ്ഞാ ലംഘനമാണ്.സത്യപ്രതിജ്ഞയും രാജ്യത്തിന്റെ അഖണ്ഡതയും അട്ടിമറിക്കുന്ന മന്ത്രിക്ക് തന്റെ പ്രീതിക്ക് അര്‍ഹതയില്ല. ഈ സാഹചര്യത്തില്‍ ബാലഗോപാലിലുള്ള തന്റെ പ്രീതി നഷ്ടമായെന്നും വിഷയത്തിന്റെ ഗൗരവസ്വഭാവം മനസിലാക്കി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഭരണഘടനാപരമായി നോക്കുമ്പോൾ, രാജ്യത്തിന്റെ ജനാധിപത്യ മര്യാദകളും പാരമ്പര്യങ്ങളും കണക്കിലെടുത്താൽ ഗവർണറുടെ ‘പ്രീതി ‘ അവസാനിപ്പിക്കുന്നതിനുള്ള ഒരു കാരണവും ബാലഗോപാലിന്റെ പ്രസ്താവനയ്ക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിസഭാംഗമായ ബാലഗോപാലിലുള്ള തന്റെ വിശ്വാസം അചഞ്ചലമായി തുടരുന്നു. അതിനാൽ ഈ വിഷയത്തിൽ തുടർ നടപടികൾ ആവശ്യമില്ലെന്നു ഗവർണർ മനസ്സിലാക്കുമെന്ന് കരുതുന്നതായും ഗവർണറുടെ ആവശ്യം നിരാകരിച്ചുകൊണ്ടുള്ള കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വൈസ് ചാൻസലർമാർക്കെതിരേ ഗവർണർ സ്വീകരിച്ച നടപടിയിൻമേലുള്ള പ്രതികരണങ്ങൾ കോൺഗ്രസിലെയും യുഡിഫിലെയും ഭിന്നത പുറത്തുകൊണ്ടുവന്നിരുന്നു. എന്നാൽ, മന്ത്രിയ്ക്കെതിരേ പ്രീതി നഷ്ടപ്പെട്ടെന്ന കത്തിനെതിരേ ഒറ്റക്കെട്ടായാണ് പ്രതിപക്ഷം രംഗത്തെത്തിയത്.ആർഎസ്പി നേതാവ് ഷിബുബേബിജോൺ ഗവര്‍ണറുടെ മാനസികനില പരിശോധിക്കണമെന്നുപോലും ആവശ്യപ്പെട്ടു.വൈസ് ചാൻസലർ വിഷയത്തിൽ ഗവർണർക്കെതിരെ പ്രക്ഷോഭരംഗത്തുള്ള സർക്കാരിന് പ്രതിപക്ഷസമീപനം പകരുന്ന ആശ്വാസം ചെറുതല്ല.
ഗവർണർക്കെതിരേ സംസ്ഥാനത്ത് എൽഡിഎഫ് ആഹ്വാനം ചെയ്ത ദ്വിദിന തെരുവ് പ്രതിഷേധത്തിന്റെ സമാപനദിവസം കൂടുതൽ കടുത്ത പ്രതികരണങ്ങൾക്കിടയാക്കി.സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരായ എം.വി ഗോവിന്ദനും കാനം രാജേന്ദ്രനും ഇന്നലെയും ഗവർണർക്കെതിരെ രൂക്ഷമായി പ്രതികരിച്ചു.
രാജ്യത്തിങ്ങനെ സംഭവിച്ചിട്ടുണ്ടോ: മന്ത്രി ബാലഗോപാൽ
ഗവർണർ കത്ത് നൽകിയ സംഭവത്തിൽ ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തും തിരിച്ച് നൽകിയ കത്തും താൻ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ ഞാൻ പ്രതികരിക്കുന്നത് ശരിയല്ല. ഞാൻ നടത്തിയത് പരസ്യ പ്രതികരണമാണ്. അത് പൊതുസമൂഹത്തിലുണ്ട്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ലെന്ന് മന്ത്രി.