നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിൻറെ ഹര്‍ജി ഇന്ന് സുപ്രീകോടതി പരിഗണിക്കും. വിചാരണ ജൂലായ് 31 ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വീണ്ടും സാവകാശം ചോദിച്ചിരിക്കുകയാണ് വിചാരണക്കോടതി. കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അടുത്ത വർഷം മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ് വിചാരണക്കോടതിയുടെ ആവശ്യം. ഹർജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ്. കേസ് ഒടുവില്‍ പരിഗണിച്ചപ്പോൾ ജൂലായ് 31 നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഒരോ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.