KeralaNews

തിരുവനന്തപുരം മെഡിക്കൽ കോളേജിന് ആറുനില മന്ദിരം ഉയരുന്നു.

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മാസ്റ്റർപ്ലാൻ രണ്ടാംഘട്ടത്തിലുൾപ്പെട്ട ആറുനില ഐപി ബ്ലോക്കിന്റെ നിർമാണത്തിന്‌ തുടക്കമായി. 250 കിടക്ക ഉണ്ടായിരുന്ന ആറു വാർഡു പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചാണ് പുതിയ ആറുനില മന്ദിരം പണിയുന്നത്. കെട്ടിടത്തിലെ വാർഡുകൾ താൽക്കാലികമായി മാറ്റി സ്ഥാപിച്ച്‌ കൂടുതൽ കട്ടിലുകൾ തയ്യാറാക്കി.  അനുദിനം അത്യാഹിതവിഭാഗത്തിലുൾപ്പെടെ വർധിക്കുന്ന രോഗികളുടെ എണ്ണം അവശ്യ സൗകര്യങ്ങളുടെ അപര്യാപ്‌തതയ്‌ക്ക്‌ കാരണമാകുന്നുണ്ട്. കഴിഞ്ഞവർഷം ഇവിടെ 700 രോഗികൾ ചികിത്സ തേടിയെങ്കിൽ എമർജൻസി മെഡിസിൻ, ട്രോമ എന്നിവ രൂപീകരിച്ച് ചികിത്സാ സൗകര്യം വിപുലപ്പെടുത്തിയതിനാൽ ഇപ്പോൾ ആയിരം പേർ വരെ എത്താറുണ്ട്. ഒപി വിഭാഗത്തിൽ നാലായിരം പേർ വരുന്നതിൽ 2000 പേരെ കിടത്തിച്ചികിത്സിക്കേണ്ടിവരും. 350 പേർ ഐസിയുവിൽ കഴിയേണ്ടിവരും. ഇത്രയധികം രോഗികൾക്ക് കിടക്കാൻ സാഹചര്യമില്ലാത്തതിനാലാണ്‌ ചിലരെയെങ്കിലും തറയിൽകിടത്തി ചികിത്സിക്കേണ്ടി വരുന്നുണ്ട്.  പുതിയ കെട്ടിടം പൂർത്തിയാകുന്നതുവരെ, കാത്തിരിക്കാതെ തറയിൽ കിടത്തി ചികിത്സ പൂർണമായും ഒഴിവാക്കാനും രോഗികൾക്കെല്ലാം കിടക്ക ലഭ്യമാക്കി ചികിത്സിക്കാനും സമാന്തരമായി ഹെറിറ്റേജ് ബ്ലോക്ക് എന്ന പ്രധാനകെട്ടിടത്തിൽ സംവിധാനമൊരുക്കുന്നുണ്ട്. അഞ്ചുകോടി രൂപ ചെലവഴിച്ച് രണ്ടുവലിയ വാർഡു നിർമിച്ച് 230 രോഗികളെ ഉൾക്കൊള്ളാനുള്ള സ്ഥലസൗകര്യങ്ങൾ ഏർപ്പെടുത്തി. അത്യാഹിതവിഭാഗത്തിലെ റെഡ്സോണിൽ മെഡിസിൻ, സർജിക്കൽ വിഭാഗങ്ങളിൽ യഥാക്രമം 45, 35 വീതം കിടക്ക സജ്ജമാക്കി. നാലു മെഡിക്കൽ വാർഡിൽ പത്ത് കട്ടിൽ അധികം നൽകി 40 കിടക്കയുടെ അധികസൗകര്യമൊരുക്കി.  മൾട്ടിസ്പെഷ്യാലിറ്റി ബ്ലോക്കിലെ 30 കിടക്ക സാധാരണ രോഗികൾക്ക് നൽകി. 2009ലെ സർക്കാർ ഉത്തരവു പ്രകാരം ഏതുവാർഡിലേക്കും ഒഴിവുള്ള രോഗികളെ പുനക്രമീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലും നാൽപ്പതോളം വരുന്ന അജ്ഞാത രോഗികൾക്കും കിടക്ക ലഭ്യമാക്കുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *