തിങ്കൾ രാവിലെ ഒമ്പതോടെ ആറന്നൂർ റെയിൽവേ ഗേറ്റിനു സമീപത്തെ സ്വീകരണകേന്ദ്രത്തിലേക്ക് എൽഡിഎഫ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ പര്യടന വാഹനമെത്തുമ്പോൾ ട്രെയിൻ വരാൻ സമയമായിരുന്നു. സ്ഥാനാർഥിയുടെ വാഹനവും അനൗൺസ്‌മെന്റ് വാഹനവും മാത്രം കടത്തിവിട്ട് അകമ്പടിവാഹനങ്ങൾ ട്രെയിൻ കടന്നുപോകുന്നതുവരെ നിർത്തിയിടാൻ നേതാക്കൾ നിർദേശിച്ചു. ഹരിതകർമസേന പ്രവർത്തകരടക്കം പ്രിയനേതാവിനെ കാണാൻ കാത്തുനിൽപ്പുണ്ടായിരുന്നു. ഏവരുടേയും സ്വീകരണം ഏറ്റുവാങ്ങി 10 മിനിറ്റിലൊതുങ്ങിയ പ്രസംഗത്തിനുശേഷം അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്.
രാവിലെ എട്ടിന് വലിയശാല ചെമ്പ്‌പണിപ്പുരയിൽനിന്നാണ് പന്ന്യൻ രവീന്ദ്രന്റെ പര്യടനം ആരംഭിച്ചത്. മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം സെക്രട്ടറി എസ് എ സുന്ദർ അധ്യക്ഷനായി. ആന്റണി രാജു എംഎൽഎ, നേതാക്കളായ എം വിജയകുമാർ, മാങ്കോട് രാധാകൃഷ്‌ണൻ, ആർ സതീഷ് കുമാർ, പൂജപ്പുര രാധാകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഓരോ കോണിലും കാത്തുനിൽക്കുന്ന ആൾക്കൂട്ടങ്ങളുടെ ആശംസകൾ ഏറ്റുവാങ്ങി ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം സ്ഥാനാർഥി വി ജോയിയുടെ പര്യടനം മുന്നേറുകയാണ്. നാടിന്റെ വികസനത്തിന്റെ അനുഭവസാക്ഷ്യങ്ങൾ കണ്ടുള്ള കാട്ടാക്കട, വിളപ്പിൽ മേഖലയിലെ പ്രചാരണത്തിലെങ്ങും സ്ഥാനാർഥിക്കുള്ള നാടിന്റെ പിന്തുണ ദൃശ്യമായി. തുറന്ന ജീപ്പിൽ വന്ന സ്ഥാനാർഥിയെ കാണാനും വരവേൽക്കാനും വൻ തിരക്കായിരുന്നു. ബൈക്ക് റാലിയും ചെണ്ടമേളവും വെടിക്കെട്ടുമെല്ലാം പര്യടനത്തിന് കൊഴുപ്പേകി. രാവിലെ എട്ടിന് പള്ളിമുക്കിൽനിന്നായിരുന്നു സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. ജൈവപച്ചക്കറിമുതൽ വളർത്തുമൃഗങ്ങളെവരെ സമ്മാനമായി നൽകിയാണ് കാട്ടാക്കടയിലെ വോട്ടർമാർ വി ജോയിയെ സ്വീകരിച്ചത്.
പള്ളിമുക്ക്, പിറയിൽ, ചന്തമുക്ക്, പേയാട്, ചെറുപാറ, കുറക്കോട്ടുകോണം, വെള്ളൈക്കടവ്, പുളിയറക്കോണം, തോട്ടുമുക്ക്, കാവിൻപുറം, ചപ്പാത്ത്, കൊല്ലംകോണം, മിണ്ണംകോട്, ചെറുകോട് കോളനി, വിളപ്പിൽശാല, ചെറുകോട്, കാട്ടാക്കട, മൈലാടി, കിള്ളി, കടുവാക്കോണം, കൂന്താണി, ചെട്ടിക്കോണം, ഞാറവിള, നന്ദാവനം, പ്ലാവൂർ, ആമച്ചൽ, കുച്ചപ്പുറം, തൂണിപ്പാട്, കിഴമച്ചൽ വഴി പാപ്പനത്ത് പര്യടനം സമാപിച്ചു. എൽഡിഎഫ് നേതാക്കളായ പുത്തൻകട വിജയൻ, എം എം ബഷീർ, എസ് കെ പ്രീജ, ആർ പി ശിവജി തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ചൊവ്വാഴ്ച വാമനപുരം മണ്ഡലത്തിലാണ് വി ജോയിയുടെ പര്യടനം.