ചെന്നൈ : തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 20,000 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. മഴക്കെടുതിയിൽ സംസ്ഥാനത്ത് 10 പേർ മരിച്ചതായി തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ ചൊവ്വാഴ്ച അറിയിച്ചിരുന്നു. വെള്ളപ്പൊക്കം കാര്യമായി ബാധിച്ച ശ്രീവൈകുണ്ഠത്തിലെ റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങിയ അഞ്ഞൂറോളം യാത്രക്കാരെ 30 മണിക്കൂറിനുശേഷം രക്ഷിച്ചു. ഇവിടങ്ങളിൽ സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നാശനഷ്‌ടങ്ങൾ മറികടക്കാൻ ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന് 2000 കോടി രൂപ അനുവദിക്കണമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.