KeralaNews

ഡിസൈൻ ഹബ്ബും ഗ്രഫീൻ ഇന്നൊവേഷൻ സെ​ന്ററും ; ഡിജിറ്റൽ ഹബ്ബ്‌ ജൂണിൽ പൂർണസജ്ജമാകും.

കൊച്ചി:ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹബ്ബുകളിലൊന്ന് ജൂണിൽ പൂർണസജ്ജമാകും. കേരള സ്‌റ്റാർട്ടപ്‌ മിഷന്റെ കീഴിലുള്ള ഹബ്ബിന്റെ 60 ശതമാനം നിർമാണം പൂർത്തിയായി. ഡിസൈൻ ഹബ്ബും ഗ്രഫീൻ ഇന്നൊവേഷൻ സെ​ന്ററുമടക്കം ഡിജിറ്റൽ ഹബ്ബിലുണ്ടാകും. ഡിസൈൻരംഗത്ത്‌ പ്രവർത്തിക്കുന്ന സ്‌റ്റാർട്ടപ്പുകൾക്ക്‌ സ്‌റ്റുഡിയോയും ലാബും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളാണ്‌ 10,000 ചതുരശ്ര അടിയുള്ള ഡിസൈൻ ഹബ്ബിലുണ്ടാവുക. ഗ്ര​ഫീ​ന്റെ വ്യവസായ, ​വിപണന സാധ്യതകൾ വികസിപ്പിക്കുന്നതിനുള്ള ​ഗ്രഫീൻ ഇന്നൊവേഷൻ സെ​ന്റർ 20,000 ചതുരശ്ര അടിയിലാണ്‌ ഒരുങ്ങുന്നത്‌. രാജ്യത്തെ ആദ്യ ​ഗ്രഫീൻ ഇന്നൊവേഷൻ കേന്ദ്രമായ ഇവിടെ ഗവേഷണ ലബോറട്ടറിയാണ്‌ പ്രവർത്തിക്കുക. 

ഡിജിറ്റൽ ഹബ്ബ്‌ മുഖ്യമന്ത്രി പിണറായി വിജയൻ 2021 സെപ്‌തംബർ പതിനെട്ടിനാണ്‌ നാടിന്‌ സമർപ്പിച്ചത്‌. കളമശേരി കിൻഫ്ര ഹൈടെക്‌ പാർക്കിലെ 13.2 ഏക്കർ വരുന്ന ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ്‌ രണ്ടുലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടസമുച്ചയം. ടെക്‌നോളജി ഇന്നൊവേഷൻ സോണിൽ ഡിജിറ്റൽ ഹബ്ബിനുപുറമെ രണ്ട്‌ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്‌. മറ്റു രണ്ട്‌ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി.

ഡിജിറ്റൽ ഹബ്ബ്‌ ഉൾപ്പെടുന്ന ടെക്‌നോളജി ഇന്നൊവേഷൻ സോണിന്‌ 215 കോടി രൂപയാണ്‌ പ്രതീക്ഷിത ചെലവ്‌. നിലവിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിലുള്ള 165 സ്റ്റാർട്ടപ്പുകൾക്കുപുറമെ 200 സ്റ്റാർട്ടപ്പുകളെക്കൂടി പുതിയ കെട്ടിടത്തിൽ ഉൾക്കൊള്ളാനാകും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *