കൊല്ലം: വിവരാവകാശ പ്രവർത്തകനെ പ്രതിയാക്കിയ സംഭവത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്. വിവരാവകാശ പ്രവർത്തകനായ വി ശ്രീകുമാറിനെ പ്രതിയാക്കി ചവറ പൊലീസ് രജിസ്റ്റർചെയ്ത കേസ് പുനരന്വേഷണം നടത്താനാണ് സിറ്റി പൊലീസ് കമീഷണറുടെ നിർദേശം.
ചവറ കേന്ദ്രീകരിച്ച് വയൽ നികത്തി അനധികൃതമായി കെട്ടിടം നിർമിച്ചതിനെതിരെ പരാതി നൽകിയ ശ്രീകുമാറിനെ വീടുകയറി ആക്രമിച്ചത് റിട്ട. പൊലീസ് ഗ്രേഡ് എസ്ഐ അബ്ദുൽ റഷീദായിരുന്നു. എന്നാൽ അബ്ദുൽ റഷീദിശന വാദിയാക്കി ശ്രീകുമാറിനെതിരെയാണ് ചവറ പൊലീസ് കേസെടുത്തത്. 2021 സെപ്തംബർ 14-നായിരുന്നു ശ്രീകുമാറിനെ വീടുകയറി ആക്രമിച്ചത്. ഈ കേസിലെ രണ്ടും മൂന്നും പ്രതികളെയാണ് കേസിൽ സാക്ഷികളാക്കിയിരുന്നത്. തുടർന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ശ്രീകുമാർ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി അശോക് കുമാർ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷിക്കാൻ നിർദേശിച്ചിട്ടുള്ളത്.
പതിനഞ്ചോളം ന്യൂനതകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ശ്രീകുമാറിനെ ആക്രമിച്ച കേസിലെ രണ്ടും മൂന്നും പ്രതികളുടെ വീട്ടിൽ വച്ച് റിട്ട. ഗ്രേഡ് എസ്ഐ അബ്ദുൽ റഷീദിനെ ശ്രീകുമാർ ആക്രമിച്ചതായി കാണിച്ചാണ് അന്ന് ചവറ പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ, സംഭവം നടന്നതായി പറയുന്ന സമയം, തീയതി എന്നിവയിലെ വൈരുധ്യങ്ങളും ഡോക്ടറിനും പൊലീസിനും നൽകിയ മൊഴിയിലെ വൈരുധ്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2021 സെപ്തംബർ രണ്ടിന് രജിസ്റ്റർ ചെയ്ത കേസിൽ അതേമാസം 12-ന് തന്നെ അന്തിമ കുറ്റപത്രം നൽകിയതിലും ദുരൂഹതയുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഇവയെല്ലാം പരിഗണിച്ചാണ് കേസ് പുനരന്വേഷിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.സിറ്റി പൊലീസ് കമീഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എസിപി വി എസ് പ്രദീപ് കുമാർ അന്വേഷണം ആരംഭിച്ചു.